ഇന്ത്യയില്‍ ഇന്ന് മുതല്‍ വനിതാ ലോകകപ്പ് ആരവം; ആദ്യ അങ്കത്തില്‍ ആതിഥേയര്‍ ശ്രീലങ്കയ്‌ക്കെതിരേ

Update: 2025-09-30 06:15 GMT

ഗുവാഹത്തി: 2025 വനിതാ ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യ ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയെ നേരിടും. ഗുവാഹത്തിയില്‍ ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി തുടങ്ങുക. ശ്രീലങ്കയ്‌ക്കെതിരെ മിന്നും ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹര്‍മന്‍പ്രീതും സമൃതി മന്ദാനയും ജെമീമയും രേണുകാ സിങ്ങുമടങ്ങുന്ന ടീം ഇന്ത്യ നാട്ടില്‍ കപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സമീപ കാല ഫോം നോക്കിയാല്‍ ഇന്ത്യയ്ക്ക് ലങ്കയെ അനായാസം മറികടക്കാനാകും.

ഓപ്പണിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ വുമണ്‍ സ്മൃതി മന്ദാന മി്ന്നും ഫോമിലാണ്. ഇക്കൊല്ലം നാല് സെഞ്ചുറിയക്കം നേടി തകര്‍പ്പന്‍ ഫോമിലാണ് താരം. അഞ്ചാം ലോകകപ്പിനിറങ്ങുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് ഉത്തരവാദിത്തങ്ങളേറെയാണ്. തകര്‍പ്പനടിയുമായി ജെമീമ റൊഡ്രിഗസും പിന്നാലെ എത്തുന്ന റിച്ച ഘോഷും ഹര്‍ലീന്‍ ഡിയോളും ബാറ്റിങ് ഭദ്രമാക്കും. ബോളിങ്ങില്‍ രേണുക സിങ് പരിക്ക് ഭേദമായി മടങ്ങിയെത്തിയത് ടീമിന് ആശ്വാസം നല്‍കും. ഇംഗ്ലണ്ടിനെതിരെ ഒരു മല്‍സരത്തില്‍ ആറ് വിക്കറ്റടക്കം നേടിയ ഇരുപത്തിയൊന്നുകാരി ക്രാന്തി ഗൗഡാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വജ്രായുധം.

രേണുക ഒഴികെയുള്ള ബൗളര്‍മാരുടെ പരിചയക്കുറവാണ് ആശങ്ക. ദീപ്തി ശര്‍മ്മയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയ്‌ക്കൊപ്പം ലോകകപ്പിന് വേദിയാകുന്ന ലങ്കയാകട്ടെ കഴിഞ്ഞ തവണ പുറത്തിരുന്നതിന്റെ സങ്കടം തീര്‍ക്കാനാണ് എത്തുന്നത്. യുവ താരങ്ങളാണ് ലങ്കയുടെ കരുത്ത്. ഹര്‍ഷിത സമരവിക്രമയുടെ പ്രകടനമനുസരിച്ചാകും ടൂര്‍ണമെന്റില്‍ ലങ്കയുടെ മുന്നേറ്റം. രണ്ട് തവണ ഫൈനലിലെത്തി കരഞ്ഞ് മടങ്ങിയ ടീം ഇന്ത്യയ്ക്ക് ഇത്തവണ അഭിമാനപോരാട്ടമാണ്. ഇന്ത്യന്‍ പുരുഷ ടീം കരഞ്ഞുമടങ്ങിയ 2023 നവംബറിന് പകരമൊരു പെണ്‍വസന്തം പ്രതീക്ഷിക്കുയാണ് ആരാധകര്‍.





Tags: