വനിതാ പ്രീമിയര്‍ ലീഗ്; മലയാളി താരം ആശ ശോഭനയ്ക്കായി 1.1 കോടി മുടക്കി യുപി വാരിയേഴ്‌സ്; സജന മുംബൈയില്‍ തന്നെ

Update: 2025-11-27 17:58 GMT

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍.) മെഗാ താരലേലത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ് ഫ്രാഞ്ചൈസികള്‍. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചത്. 3.2 കോടി രൂപ കൊടുത്ത് യുപി വാരിയേഴ്സാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്. ഡബ്ല്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലാണിത്. മലയാളി താരം ആശ ശോഭനയെയും യുപി ഒരു കോടിക്ക് മേലെ വിലകൊടുത്ത് സ്വന്തമാക്കി.

ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക് യുപി വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ രണ്ട് താരങ്ങളുടേതുമാണ്. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലിസ ഹീലിയും ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗം ഉമ ചേത്രിയുമാണ് ആരും വിളിക്കാതെ പോയവരിലെ പ്രമുഖര്‍.

ആശ ശോഭനയെ ടീമിലെത്തിക്കുന്നതിനായി ഡല്‍ഹി ക്യാപിറ്റല്‍സും യുപി വാരിയേഴ്സും തമ്മില്‍ മത്സരിച്ചു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയില്‍നിന്ന് 60 ലക്ഷംവരെ ഉയര്‍ന്നു. പിന്നീട് ആര്‍സിബിയും താത്പര്യമറിയിച്ചെത്തിയതോടെ വില ഒരു കോടിയിലെത്തി. ഒടുക്കം 1.1 കോടിക്ക് ലെഗ് സ്പിന്നറെ യുപി സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ വീണ്ടും ടീമിലെത്തിച്ചു. 30 ലക്ഷമായിരുന്നു അടിസ്ഥാന വില.

ഇന്ത്യയുടെ മറ്റൊരു ലോകകപ്പ് താരമായ ശ്രീ ചരണിയെ 1.3 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. പൂജ വസ്ത്രകാര്‍ 85 ലക്ഷത്തിനും അരുന്ധതി റെഡ്ഢിയെ 75 ലക്ഷത്തിനും ആര്‍സിബി ടീമിലെത്തിച്ചു. സോഫീ ഡിവൈനെ ഗുജറാത്ത് രണ്ടുകോടിക്കും മെഗ് ലാനിങ്ങിനെ യുപി 1.90 കോടി രൂപയ്ക്കും വിളിച്ചെടുത്തു. ചിനല്ല ഹെന്റിയെ ഡല്‍ഹി 1.30 കോടിക്കും ഫോബെ ലിച്ച്ഫീല്‍ഡിനെ യുപി 1.20 കോടിക്കും വിളിച്ചെടുത്തു. ലോറ വോള്‍വാര്‍ട്ടിനേയും (1.10 കോടി) ഡല്‍ഹി സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് വിളിച്ചെടുത്ത ജോര്‍ജിയ വെയര്‍ഹാം ആണ് കോടിക്കിലുക്കമുള്ള (ഒരുകോടി) മറ്റൊരു താരം.




Tags: