വനിതാ പ്രീമിയര്‍ ലീഗ് താരലേലം നവംബര്‍ 27ന് ന്യൂഡല്‍ഹിയില്‍

Update: 2025-11-23 06:14 GMT

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് 2026 സീസണിന് മുന്നോടിയായുള്ള താരലേലം നവംബര്‍ 27 ന് ന്യൂഡല്‍ഹിയില്‍ നടക്കും. ലേലത്തിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികള്‍ നവംബര്‍ ആറിനു പുറത്തിറക്കിയിരുന്നു. ആകെ 277 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ നാലാം പതിപ്പിന് മുന്നോടിയായി തങ്ങളുടെ ടീമുകളെ പുനഃക്രമീകരിക്കാന്‍ ഫ്രാഞ്ചൈസികള്‍ ലേലത്തിന് തയ്യാറെടുക്കുകയാണ്.

52 ഇന്ത്യന്‍ കളിക്കാര്‍, 66 വിദേശ താരങ്ങള്‍, 142 അണ്‍കാപ്ഡ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, 17 അണ്‍കാപ്ഡ് അന്താരാഷ്ട്ര കളിക്കാര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പട്ടികയാണുള്ളത്. അഞ്ച് ടീമുകളിലായി 73 സ്ഥാനങ്ങളിലേക്കാണ് ലേലം നടക്കുന്നത്. ദീപ്തി ശര്‍മ്മ, രേണുക സിംഗ്, സോഫി ഡിവൈന്‍, സോഫി എക്ലെസ്റ്റോണ്‍, അലിസ്സ ഹീലി, അമേലിയ കെര്‍, മെഗ് ലാനിംഗ്, ലോറ വോള്‍വാര്‍ഡ് എന്നീ എട്ട് മികച്ച താരങ്ങളാണ് എലൈറ്റ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്.

മുന്‍ പതിപ്പുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രകടിപ്പിച്ച സ്വാധീനം കണക്കിലെടുക്കുമ്പോള്‍, എട്ട് പേരിലും ടീമുകള്‍ ശക്തമായ താല്‍പ്പര്യമെടുക്കുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന വില വിഭാഗങ്ങളില്‍, 19 കളിക്കാര്‍ 50 ലക്ഷത്തിന് പട്ടികപ്പെടുത്തിയിട്ടുണ്ട്, ഏറ്റവും ഉയര്‍ന്ന വിലയാണിത്. 40 ലക്ഷം ശ്രേണിയില്‍ 11 കളിക്കാരും 30 ലക്ഷം ഗ്രൂപ്പില്‍ 88 കളിക്കാരും തൊട്ടുപിന്നിലുണ്ട്. കൂടാതെ ലേലത്തില്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നാല് കളിക്കാരുമുണ്ടാകും. തീര്‍ത്ഥ സതീഷ് (യുഎഇ), താര നോറിസ് (യുഎസ്എ), തിപടച്ച പുത്തവോങ് (തായ്ലന്‍ഡ്), ഇഷ ഓസ (യുഎഇ) - ഓരോരുത്തര്‍ക്കും 10 ലക്ഷം അടിസ്ഥാന വിലയുണ്ട്.

നവംബര്‍ ആറിനു എടുത്ത നിലനിര്‍ത്തല്‍ തീരുമാനങ്ങളാണ് ഈ വര്‍ഷത്തെ ലേലത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. യുപി വാരിയേഴ്സ്, ഒരു കളിക്കാരിയെ മാത്രമാണ് നിലനിര്‍ത്തിയത്. അതേസമയം, മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും അഞ്ച് കളിക്കാരെ വീതം നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാല് പേരെ നിലനിര്‍ത്തി, പ്ലേഓഫില്‍ ആദ്യമായി പ്രവേശിച്ച ഗുജറാത്ത് ജയന്റ്സ്, ആഷ് ഗാര്‍ഡ്നര്‍, ബെത്ത് മൂണി എന്നീ രണ്ട് പ്രധാന താരങ്ങളെ നിലനിര്‍ത്തി.

ആശ ശോഭന, സജന എസ്, ജോഷിത വിജെ, നജ്ല നൗഷാദ് തുടങ്ങിയ മലയാളി താരങ്ങളും ലേലത്തിനെത്തും. മലയാളിയായ ജയേഷ് ജോര്‍ജ് ഡബ്ല്യുപിഎല്‍ ചെയര്‍മാനായ ശേഷമുള്ള ആദ്യ താര ലേലമാണ് വരുന്നത്. ഫെബ്രുവരി ആദ്യം ഇന്ത്യ ശ്രീലങ്കയുമായി സഹകരിച്ച് ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് നടത്തുന്നതിനാല്‍ വരാനിരിക്കുന്ന WPL സീസണ്‍ പതിവിലും നേരത്തെ ആരംഭിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ചാംപ്യന്മാര്‍ മുംബൈ ഇന്ത്യന്‍സാണ്.



Tags: