വനിതാ പ്രീമിയര്‍ ലീഗ്: നാലാം സീസണ്‍ ജനുവരിയില്‍ ; മല്‍സരക്രമം പ്രഖ്യാപിച്ചു
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിന്റെ പൂര്‍ണ്ണ ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ജനുവരി 9 മുതല്‍ ഫെബ്രുവരി 5 വരെ രണ്ട് നഗരങ്ങളിലായി ടൂര്‍ണമെന്റ് നടക്കും. നവി മുംബൈ, വഡോദര എന്നീ സ്റ്റേഡിയങ്ങളാകും വരും സീസണിന് വേദികളാവുക. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും തമ്മിലുള്ള മല്‍സരത്തോടെയാണ് ഡബ്യുപിഎല്‍ ആരംഭിക്കുക. ഫൈനല്‍ ഫെബ്രുവരി 5 ന് വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റില്‍ ആകെ 22 മല്‍സരങ്ങള്‍ നടക്കും. സീസണിലെ ആദ്യ 11 മല്‍സരങ്ങള്‍ ജനുവരി 9 മുതല്‍ 17 വരെ നവി മുംബൈയിലും, പ്ലേഓഫ് ഉള്‍പ്പെടെ അടുത്ത 11 മല്‍സരങ്ങള്‍ വഡോദരയിലും നടക്കും.
ഫെബ്രുവരി 1 ന് ലീഗ് ഘട്ടം അവസാനിച്ച ശേഷം, ഫെബ്രുവരി 3 ന് എലിമിനേറ്റര്‍ മല്‍സരം നടക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ പരസ്പരം ഏറ്റുമുട്ടും. പട്ടികയില്‍ ഒന്നാമതെത്തുന്നവര്‍ ഫെബ്രുവരി 5 ന് നേരിട്ട് ഫൈനലിലേക്ക് മുന്നേറും. തുടര്‍ന്ന്, പുരുഷ അണ്ടര്‍ 19 ലോകകപ്പ് ഫെബ്രുവരി 6 ന് നടക്കും, പുരുഷ ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി 7 ന് ആരംഭിക്കും.
വനിതാ പ്രീമിയര്‍ ലീഗിന്റെ ലീഗിന്റെ നാലാമത്തെ സീസണാണ്. മുംബൈ ഇന്ത്യന്‍സ് 2025 ലും 2023 ലും രണ്ടുതവണ കിരീടം നേടിയിട്ടുണ്ട്. ട്രോഫി ഉയര്‍ത്തിയ മറ്റൊരു ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ്. 2024 ലാണ് ആര്‍സിബി സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് തവണ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തു. അതേസമയം ഗുജറാത്ത് ജയന്റ്സും യുപി വാരിയേഴ്സും ഇതുവരെ ഫൈനലില്‍ എത്തിയിട്ടില്ല.
