പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്തുമോ; ട്വന്റി-20 ലോകകപ്പില്‍ അതിനിര്‍ണായകം, പാക്-നമീബിയ പോരാട്ടത്തിന് മഴ ഭീഷണിയും
കൊളംബോ: ഇന്ത്യക്കെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ നിര്‍ണായകമായ മറ്റൊരു ലോകകപ്പ് പോരാട്ടത്തിന് പാകിസ്താന്‍. ബുധനാഴ്ച നമീബിയയാണ് പാകിസ്താന്റെ എതിരാളികള്‍. തോറ്റാല്‍ പുറത്താകുമെന്നിരിക്കേ സല്‍മാന്‍ ആഗയ്ക്കും സംഘത്തിനും അതിനിര്‍ണായകമാണ് മല്‍സരം. നാലു ഗ്രൂപ്പിലെ ഏഴു ടീമുകള്‍ നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെട്ട എ ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ മാത്രമാണ് അറിയാനുള്ളത്.
ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ മൂന്നും ജയിച്ച ഇന്ത്യ ആറു പോയന്റോടെയാണ് സൂപ്പര്‍ എട്ടിലെത്തിയത്. നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി നാല് പോയന്റ് നേടിയ യുഎസ്എയാണ് രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റ് തന്നെയുള്ള പാകിസ്താന്‍ മൂന്നാം സ്ഥാനത്താണ്. -0.403 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് പാകിസ്താനെ മൂന്നാം സ്ഥാനത്താക്കിയത്.
സൂപ്പര്‍ എട്ടിലെത്താന്‍ നമീബിയക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരം പാകിസ്താന് ജയിക്കണം. മല്‍സരം ജയിക്കാനായാല്‍ നാല് കളികളില്‍ നിന്നായി ആറ് പോയന്റോടെ പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്തും. രണ്ടാം മല്‍സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച നമീബിയ മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന ടീമാണ്. നമീബിയ തിളങ്ങിയാല്‍ നേട്ടം യുഎസ്എയ്ക്കാണ്. പാകിസ്താന്‍ പരാജയപ്പെട്ടാല്‍ നാല് കളികളില്‍ നിന്ന് നാല് പോയന്റുള്ള യുഎസ്എ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ സൂപ്പര്‍ എട്ടിലെത്തും.
ഇനി എന്തെങ്കിലും കാരണം മൂലം പാകിസ്താന്‍-നമീബിയ മല്‍സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെയ്ക്കേണ്ടി വന്നാലും പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്തും. മല്‍സരം ഉപേക്ഷിച്ചാല്‍ പാകിസ്താന് അഞ്ചുപോയിന്റാകും. അതോടെ യുഎസ്എയെ മറികടക്കാം. മല്‍സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
