ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവായാലും തങ്ങള്‍ ലോകകപ്പ് കളിക്കും: പിസിബി
ഹരാരെ: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ട്വന്റി-20 ലോകകപ്പില്‍ നിന്ന് ഒഴിവായാലും തങ്ങള്‍ ടൂര്‍ണമെന്റ് കളിക്കുമെന്ന് പിസിബി വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിസിബി തയ്യാറെടുപ്പുകള്‍ നിര്‍ത്തിവച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനോടാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെ ബംഗ്ലാദേശ് വിഷയത്തില്‍ പിന്തുണതേടി പാകിസ്താനെ സമീപിച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പിസിബി നിലപാട് തുറന്നുപറഞ്ഞത്. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവായാലും തങ്ങള്‍ ലോകകപ്പ് കളിക്കുമെന്നും പാകിസ്താന് അത്തരമൊരു നിലപാടില്ലെന്നും പിസിബിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇത് പിസിബിയുടെ നിലപാടല്ല. പാകിസ്താന്റെ എല്ലാ മല്‍സരങ്ങളും ശ്രീലങ്കയിലായിരിക്കുമെന്ന് 2025 ന്റെ തുടക്കത്തില്‍ തന്നെ തീരുമാനത്തിലെത്തിയതാണ്. ചാംപ്യന്‍സ് ട്രോഫിക്ക് പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നിലപാടെടുത്തത്. എന്നാല്‍ ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ പിസിബിക്ക് മറ്റുകാരണങ്ങളില്ല. - പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.