ലോകകപ്പ്; ഹെറ്റ്‌മെയര്‍ വെടിക്കെട്ട് പാഴായി; പൊരുതി നേടി ലങ്ക

വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

Update: 2021-11-04 18:12 GMT


ദുബയ്: ഹെറ്റ്‌മെയറുടെ വെടിക്കെട്ട് പ്രകടനം കണ്ട വിന്‍ഡീസ്-ലങ്ക മല്‍സരത്തില്‍ ജയം ലങ്കയ്‌ക്കൊപ്പം. ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ അവസാന പന്ത് വരെ ഹെറ്റ്‌മെയര്‍ അടിതുടര്‍ന്നെങ്കിലും ലങ്കയോട് 20 റണ്‍സിന്റെ തോല്‍വിയാണ് വെസ്റ്റ്ഇന്‍ഡീസ് ഏറ്റുവാങ്ങിയത്. ഇതോടെ നിലവിലെ ചാംപ്യന്‍മാരുടെയും ശ്രീലങ്കയുടെയും സെമി സ്വപ്‌നം അവസാനിച്ചു. ലോകകപ്പ് ക്യാംപയിന്‍ തകര്‍പ്പന്‍ ജയത്തോടെയാണ് ലങ്ക അവസാനിപ്പിച്ചത്.


190 എന്ന വമ്പന്‍ ലക്ഷ്യം പിന്‍തുടര്‍ന്ന വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 54 പന്തില്‍ നാല് സിക്‌സിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ പുറത്താവാതെ നിന്ന ഹെറ്റ്‌മെയര്‍ (81) കരീബിയന്‍സിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ റസ്സല്‍, പൊള്ളാര്‍ഡ്, ഹോള്‍ഡര്‍, ബ്രാവോ എന്നിവര്‍ക്കൊന്നും ഹെറ്റ്‌മെയറിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. നിക്കോളസ് പൂരന്‍ 46 റണ്‍സ് നേടി.


ബാറ്റിങില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ലങ്ക ബൗളിങിലും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഹസരന്‍ങ്ക, കരുണരത്‌നെ, ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷനക, ചമീറാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


ടോസ് നേടിയ വിന്‍ഡീസ് ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. നിസന്‍കാ(51), അസലന്‍ക(68), പെരേരാ (29), ഷനക (25) എന്നിവരുടെ ബാറ്റിങ് മികവില്‍ ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സ് നേടിയത്.


അഞ്ച് മല്‍സരങ്ങളില്‍ നിന്നും രണ്ട് ജയമുള്ള ശ്രീലങ്ക ഗ്രൂപ്പ് ഒന്നില്‍ നാലാം സ്ഥാനത്തും ഒരു ജയം മാത്രമുള്ള വിന്‍ഡീസ് അഞ്ചാം സ്ഥാനത്തുമാണ്.




Tags:    

Similar News