വെസ്റ്റ് ഇന്‍ഡീസ് പര്യടനം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും

Update: 2026-03-26 15:10 GMT

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മല്‍സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിന്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മല്‍സരക്രമം അനുസരിച്ച് സെപ്റ്റംബര്‍ 27-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മല്‍സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്.

പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലും, അവസാന ഏകദിനം ഒക്ടോബര്‍ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബര്‍ ആറിനാണ് ട്വന്റി-20 മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ലഖ്‌നൗ, റാഞ്ചി, ഇന്‍ഡോര്‍, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി നടക്കുന്ന ട്വന്റി-20 പരമ്പര ഒക്ടോബര്‍ 17-ന് സമാപിക്കും.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മല്‍സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. ഈ വര്‍ഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 മത്സരത്തിന് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര മല്‍സരം കൂടിയാണിത്. കേരളത്തിലെ കായിക പ്രേമികള്‍ക്ക് വലിയ ആവേശം പകരുന്നതാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.