വിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു; തീരുമാനം ബിസിസിഐയെ അറിയിച്ചു
മുംബൈ: രോഹിത് ശര്‍മയ്ക്ക് പിന്നാലെ 'കിങ്' കോഹ് ലിയും ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐയെ ഞെട്ടിച്ച് കോഹലി തീരുമാനം അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ഉന്നതര്‍ ആവശ്യപ്പെട്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിതിന് പിന്നാലെ കോഹ്‌ലിയുമില്ലാത്ത പ്രതിസന്ധി ഉടലെടുത്താല്‍ എങ്ങനെ നേരിടുമെന്ന് തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ വൈകാതെ യോഗം ചേരും.
ബോര്‍ഡര്‍ഗവാസ്‌കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വന്‍ വിമര്‍ശനമുണ്ടായതില്‍ കോഹ്‌ലി നിരാശനായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കോഹ് ലി തീരുമാനിച്ചുവെന്നും എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട് വിശദമാക്കുന്നത്.
2014 ഡിസംബറിലാണ് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 2022 മുതല്‍ രോഹിത് ശര്‍മയും ടീമിനെ നയിച്ചു. ബുമ്രയോ ശുഭ്മന്‍ ഗില്ലോ ആകും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
