വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും തുടരും; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ. 2027ലെ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം വിരമിക്കുകയെന്ന പദ്ധതിയാണ് ഇരുവര്‍ക്കുമുള്ളതെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 25നു സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അവര്‍ വിമിക്കുമെന്നും ലോകകപ്പില്‍ അവസരം ലഭിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതാണ് ബിസിസിഐ നിഷേധിച്ചത്.
ഇരുവരുടേയും വിരമിക്കലൊന്നും ഇപ്പോള്‍ ബിസിസിഐ ആലോചനയിലുള്ള വിഷയങ്ങളല്ല. ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനും അടത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നതെന്നു അടുത്തവൃത്തങ്ങള്‍ പിടിഐയോടു പ്രതികരിച്ചു.
ഇരു താരങ്ങളും ട്വന്റി-20യില്‍ നിന്നു ലോകകപ്പ് നേട്ടത്തോടെ വിരമിച്ചിരുന്നു. പിന്നാലെ ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു ശേഷം ഇരുവരും മല്‍സരങ്ങള്‍ക്കായി മൈതാനത്തേക്ക് വന്നിട്ടില്ല. പ്രായക്കൂടുതലും മല്‍സരങ്ങള്‍ കുറയുന്നതും ഇരുവരുടേയും ഫോമിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെയാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
നിലവില്‍ ഇരുവരുടേയും ഏകദിന ടീമിലെ സ്ഥാനത്തിനു ഇളക്കമുണ്ടാകില്ല. ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ ഇരു താരങ്ങളുടേയും ബാറ്റിങ് മികവ് ഇന്ത്യക്ക് നിര്‍ണായകമായിരുന്നു.
ഒക്‌ബോറില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയാണ് ഇരു താരങ്ങളുടേയും തിരിച്ചു വരവിനു വേദിയാകുന്നത്. ഒക്ടോബര്‍ 19 മുതല്‍ 25 വരെയാണ് മൂന്ന് മല്‍സരങ്ങടങ്ങിയ പരമ്പര. പിന്നാലെ നവംബറില്‍ നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരേയും ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്.
