വിജയ് ഹസാരെ; റെയില്‍വേയ്‌സിനെയും തകര്‍ത്ത് കേരളം കുതിക്കുന്നു

ദേവദത്ത് പടിക്കല്‍ കരിയറിലെ മികച്ച സ്‌കോര്‍ (152) നേടി.

Update: 2021-02-24 19:02 GMT

ബെംഗളുരു; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മൂന്നാം മല്‍സരത്തില്‍ റെയില്‍വേയ്‌സിനെ തകര്‍ത്ത് കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഏഴ് റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ കേരളം 352 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് റെയില്‍വേയ്‌സിന് മുന്നില്‍ വച്ചത്. എന്നാല്‍ മറുപടി ബാറ്റിങില്‍ റെയില്‍വേയ്‌സ് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കുകയായിരുന്നു. ഒരുവേള ജയത്തിനരികെയെത്തിയ റെയില്‍വേയ്‌സിനെ എം ഡി നിതീഷിന്റെ ബൗളിങാണ് പിടിച്ചുകെട്ടിയത്. ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ട റെയില്‍വേയ്‌സിന്റെ അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നിതീഷ് കേരളത്തിന് ജയമൊരുക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ(100), വിഷ്ണു വിനോദ്(107), സഞ്ജു സാംസണ്‍(61), വത്സല്‍ ഗോവിന്ദ് (46) എന്നിവരാണ് കേരളത്തിനായി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയവര്‍.


ഗ്രൂപ്പ് ഇയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ കര്‍ണ്ണാടക ഒഡീഷയെ 101 റണ്‍സിന് തോല്‍പ്പിച്ചു. മല്‍സരത്തില്‍ കര്‍ണ്ണാടക സൂപ്പര്‍ താരം ദേവദത്ത് പടിക്കല്‍ കരിയറിലെ മികച്ച സ്‌കോര്‍ (152) നേടി.ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 329 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ഒഡീഷ 228 റണ്‍സിന് പുറത്തായി.




Tags: