വിജയ് ഹസാരെ ട്രോഫി; തമിഴ്‌നാടിനോട് പരാജയപ്പെട്ട് കേരളം പുറത്ത്

Update: 2026-01-08 14:03 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ തമിഴ്‌നാടിനോട് 78 റണ്‍സിന് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി കേരളം. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം 402 ഓവറില്‍ 217 റണ്‍സിന് ഓള്‍ ഔട്ടായി. 45 പന്തില്‍ 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ബാബാ അപരാജിതും വിഷ്ണു വിനോദും 35 റണ്‍സ് വീതമെടുത്തപ്പോള്‍ സല്‍മാന്‍ നിസാര്‍ 25 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ തമിഴ്‌നാട് 50 ഓവറില്‍ 294-8, കേരളം 40.2 ഓവറില്‍ 217ന് ഓള്‍ ഔട്ട്.

ക്വാര്‍ട്ടറിലെത്താന്‍ മികച്ച റണ്‍റേറ്റിലുള്ള വിജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ സഞ്ജു സാംസണ് പകരം ടീമിലെത്തി കൃഷ്ണ പ്രസാദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.4 ഓവറില്‍ 57 റണ്‍സടിച്ചു. കൃഷ്ണപ്രസാദ്(14) മടങ്ങിയശേഷം ക്രീസിലെത്തിയ ബാബാ അപരാജിതും രോഹനും ചേര്‍ന്ന് കേരളത്തെ 15.5 ഓവറില്‍ 117ല്‍ എത്തിച്ചു. എന്നാല്‍ തകര്‍ത്തടിച്ച രോഹന്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 35 റണ്‍സെടുത്ത ബാബാ അപരാജിതും പിന്നാലെ പുറത്തായി.

കഴിഞ്ഞ മല്‍സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വിഷ്ണു വിനോദും സല്‍മാന്‍ നിസാറും ചേര്‍ന്ന് 26.2 ഓവറില്‍ കേരളത്തെ 170 റണ്‍സിലെത്തിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും 31 പന്തില്‍ 35 റണ്‍സെടുത്ത വിഷ്ണു പുറത്തായതിന് പിന്നാലെ കേരളം തകര്‍ന്നടിഞ്ഞു. മുഹമ്മദ് അസറുദ്ദീന്‍(1). അങ്കിത് ശര്‍മ(7), ഷറഫുദ്ദീന്‍(1) എന്നിവര്‍ പൊരുതാതെ മടങ്ങിയതോടെ 47 റണ്‍സെടുക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമാക്കി കേരളം തകര്‍ന്നടിഞ്ഞു. ത്രിപുരയോട് ജാര്‍ഖണ്ഡ് തോല്‍വി വഴങ്ങിയതിനാല്‍ തമിഴ്‌നാടിനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ക്വാര്‍ട്ടറിലെത്താമായിരുന്നു. അവസാന മത്സരത്തില്‍ കര്‍ണാടകയെ തോല്‍പിച്ച മധ്യപ്രദേശ് ആണ് ഗ്രൂപ്പ് എയില്‍ നിന്ന് നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച കര്‍ണാടകക്കൊപ്പം ക്വര്‍ട്ടറിലെത്തിയത്. ഏഴ് കളികളില്‍ നാലു ജയവും മൂന്ന് തോല്‍വിയും അടക്കം 16 പോയന്റ് നേടിയ കേരളത്തിന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായുള്ളു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നനാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശന്റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. ഓപ്പണറായി ഇറങ്ങിയ ജഗദീശന്‍ 126 പന്തില്‍ 139 റണ്‍സെടുത്ത് തമിഴ്‌നാടിന്റെ ടോപ് സ്‌കോററായപ്പോള്‍ എസ് ആര്‍ ആതിഷ് 33ഉം ആന്ദ്രെ സിദ്ധാര്‍ത്ഥ് 27ഉം ഭൂപതി വൈഷ്ണവ് കുമാര്‍ 35ഉം റണ്‍സെടുത്തു. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 6 വിക്കറ്റ് വീഴ്ത്തി.