വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തോല്‍വി; മധ്യപ്രദേശിന്റെ ജയം 47 റണ്‍സിന്

Update: 2025-12-29 14:54 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് എ മല്‍സരത്തില്‍ മധ്യപ്രദേശിനോട് 47 റണ്‍സിനായിരുന്നു കേരളത്തിന്റെ പരാജയം മധ്യപ്രദേശ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 167 റണ്‍സിന് പുറത്തായി.

214 റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 39 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. കൃഷ്ണ പ്രസാദ്(4), അങ്കിത് ശര്‍മ(13), രോഹന്‍ കുന്നുമ്മല്‍(19) എന്നിവര്‍ വേഗം കൂടാരം കയറി. തുടര്‍ന്നെത്തിയവരും നിരനിരയായി മടങ്ങിയതോടെ കേരളം വലിയ തകര്‍ച്ച നേരിട്ടു.

സല്‍മാന്‍ നിസാറും മുഹമ്മദ് ഷറഫുദ്ദീനും മാത്രമാണ് അല്‍പ്പമെങ്കിലും നിലയുറപ്പിച്ച് ബാറ്റേന്തിയത്. സല്‍മാന്‍ നിസാര്‍ 30 റണ്‍സെടുത്തപ്പോള്‍ ഷറഫുദ്ദീന്‍ 29 പന്തില്‍നിന്ന് 42 റണ്‍സെടുത്തു. വിഷ്ണു വിനോദ് 20 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവര്‍ നിരാശപ്പെടുത്തിയതോടെ 167 റണ്‍സിന് കേരളം ഓള്‍ഔട്ടായി. മധ്യപ്രദേശിനായി ശുഭം ശര്‍മ മൂന്ന് വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത മധ്യപ്രദേശ് 214 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ഹിമാന്‍ഷു മന്‍ത്രിയുടെ ഇന്നിങ്‌സാണ് ടീമിനെ കരകയറ്റിയത്. താരം 105 പന്തില്‍നിന്ന് 93 റണ്‍സെടുത്തു. ത്രിപുരേഷ് സിങ് 25 പന്തില്‍നിന്ന് 37 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷ് ഗവാളി 22 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. കേരളത്തിനായി അങ്കിത് ശര്‍മ നാലു വിക്കറ്റും ബാബ അപരാജിത് മൂന്നു വിക്കറ്റുമെടുത്തു.




Tags: