വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

Update: 2025-12-31 17:31 GMT

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച ജയം. രാജസ്ഥാനെ വീഴ്ത്തിയാണ് കേരളത്തിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മലയെ അതേ നാണയത്തില്‍ തിരിച്ചടിച്ച കേരളം 50 ഓവറില്‍ 343 റണ്‍സ് എന്ന ലക്ഷ്യം രണ്ടു വിക്കറ്റ് ശേഷിക്കെ അടിച്ചെടുത്തു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ കരണ്‍ ലംബയുടെയും (119), ദീപക് ഹൂഡയുടെയും (86) ബാറ്റിങ് മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കേരളം ആദ്യ പന്തിലെ വിക്കറ്റ് നഷ്ടത്തിലും പതറാതെ പൊരുതി.

നേരിട്ട ആദ്യ പന്തില്‍ നായകന്‍ രോഹന്‍ കുന്നുമ്മല്‍ (0) ക്ലീന്‍ ബൗള്‍ഡായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും (53), ബാബ അപരാജിതും (116 പന്തില്‍ 126 റണ്‍സ്) ചേര്‍ന്ന് കേരളത്തിന്റെ മറുപടി ബാറ്റിങ്ങിന് അടിത്തറ പാകി. സ്‌കോര്‍ 155ലെത്തി നില്‍ക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), അങ്കിത് ശര്‍മ (27) എന്നിവരിലൂടെ പതിയ റണ്‍ചേസ് തുടര്‍ന്നു. നാലാമനായി ബാബ അപരാജിത് മടങ്ങിയതോടെ പ്രതിസന്ധിയിലായ കേരള ബാറ്റിങ്ങിനെ മധ്യനിര പതിയെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

അവസാന ഓവറുകളില്‍ കളികൈവിട്ടുവെന്ന് ഉറപ്പിച്ചിരിക്കെ ഏഡന്‍ ആപ്പില്‍ ടോമിന്റെ ബാറ്റിന് തീപ്പിടിച്ചു. 18 പന്തില്‍ അഞ്ച് സിക്സും ഒരു ബൗണ്ടറിയുമായി 40 റണ്‍സ് നേടിയ ആപ്പിള്‍ ടോമിന്റെ മാസ്മരിക ഇന്നിങ്സ് കേരള വിജയം ഉറപ്പിച്ച ശേഷമേ അവസാനിപ്പിച്ചുള്ളൂ. ഒമ്പതാം വിക്കറ്റില്‍ ആപ്പിള്‍ ടോമും എം.ഡി നിധീഷും (2) പുറത്താകാതെ ക്രീസില്‍ നിന്നു. രാജസ്ഥാന്റെ അങ്കിത് ചൗധരി നാലും, കേരളത്തിനായി ഷറഫുദ്ദീന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ജയവും, ശേഷം രണ്ട് മത്സരങ്ങളില്‍ തോല്‍വിയും വഴങ്ങിയ ശേഷമാണ് കേരളം വിജയവഴിയില്‍ തിരിച്ചെത്തുന്നത്.




Tags: