വിജയ് അമൃതരാജിന് പദ്മഭൂഷണ്‍, രോഹിത്തിനും ഹര്‍മന്‍പ്രീത് കൗറിനും പദ്മശ്രീ

Update: 2026-01-25 15:38 GMT

ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം വിജയ് അമൃത്രാജ് പദ്മഭൂഷണ്‍ ബഹുമതി നേടി. ഇന്ത്യന്‍ പുരുഷ ടീം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനും പദ്മശ്രീ ബഹുമതി. കായികരംഗത്തുനിന്ന് ഒന്‍പതു പേര്‍ക്കാണ് 2026 പദ്മ ബഹുമതികള്‍ ലഭിച്ചത്. ബല്‍ദേവ് സിങ്, ഭഗവന്‍ദാസ് റയ്ക്വാര്‍, കെ. പജനിവേല്‍, പ്രവീണ്‍ കുമാര്‍, ഹോക്കി താരം സവിത പൂനിയ, വ്ളാദിമിര്‍ മെസ്റ്റ്വിരിഷ്വി എന്നിവര്‍ കായികരംഗത്തുനിന്ന് പദ്മശ്രീ നേടിയവരാണ്.

കേരള മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്‍, കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ പദ്മവിഭൂഷണ്‍ ബഹുമതി നേടിയ മലയാളികളാണ്. പദ്മവിഭൂഷണ്‍ നേടിയ ആകെ അഞ്ചുപേരില്‍ മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. ബോളിവുഡ് താരം ധര്‍മേന്ദ്രന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ (മരണാനന്തര ബഹുമതി), കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കോട്ടക്, ഗായകന്‍ അല്‍ക്ക യാഗ്‌നിക്, മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഭഗത് സിങ് കോഷ്യാരി എന്നിവര്‍ക്കും പദ്മഭൂഷണ്‍ ലഭിച്ചു. ജെഎന്‍യു മുന്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന് പദ്മശ്രീ ലഭിച്ചു.