സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട്

Update: 2025-12-02 07:57 GMT

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയിലും വെടിക്കെട്ട് തുടര്‍ന്ന് വൈഭവ് സൂര്യവന്‍ഷി. മഹാരാഷ്ട്രക്കെതിരായ മല്‍സരത്തില്‍ ബീഹാറിന് വേണ്ടി വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്. വൈഭവിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ബീഹാര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സ് നേടി. മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിങ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മല്‍സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഓവറില്‍ തന്നെ ബിബിന്‍ സൗരഭിന്റെ (4) വിക്കറ്റ് ബിഹാറിന് നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ പിയൂഷ് കുമാര്‍ (7) കൂടി മടങ്ങിയതോടെ രണ്ടിന് 31 എന്ന നിലയിലായി ബിഹാര്‍. തുടര്‍ന്നായിരുന്നു വൈഭവിന്റെ മിന്നുന്ന പ്രകടനം. ആകാശ് രാജിനൊപ്പം 70 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കാന്‍ വൈഭവിന് സാധിച്ചു. 14-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിയുന്നത്. 26 റണ്‍സെടുത്ത ആകാശിനെ വിക്കി ഒസ്ത്വാള്‍ പുറത്താക്കി. എന്നാല്‍ ആയുഷ് ലൊഹാരുകയ്ക്കൊപ്പം 75 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി വൈഭവ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.



Tags: