ചെന്നൈ: ട്വന്റി-20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരായ പാകിസ്താന്റെ വിജയത്തിന് പിന്നാലെ സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിങ് ആക്ഷന്‍ വീണ്ടും ചര്‍ച്ചയാകുന്നു. തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരിക് തിളങ്ങിയെങ്കിലും, പ്രകടനത്തേക്കാള്‍ ഉപരി താരത്തിന്റെ ബൗളിങ് ശൈലിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരിക്കുന്നത്. മറ്റ് സ്പിന്നര്‍മാരില്‍ നിന്ന് വ്യത്യസ്തമായി താരിക്കിന്റെ ബൗളിങ്് കൈമുട്ടിന് പ്രകടമായ വളവുണ്ട്. കൂടാതെ റണ്‍-അപ്പിനിടയിലെ അസ്വാഭാവികമായി നിര്‍ത്തലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ നേരത്തെ തന്നെ താരിക്കിന്റെ ആക്ഷനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായുള്ള മല്‍സരത്തിനിടയിലും ആരാധകര്‍ താരത്തിന്റെ ആക്ഷനെ പരിഹസിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ ഗോസ്വാമി താരിക്കിന്റെ ആക്ഷനിലെ നിര്‍ത്തലിനെ ഫുട്ബോള്‍ പെനാല്‍റ്റികളുമായി താരതമ്യം ചെയ്ത് വിമര്‍ശിച്ചു. ഫുട്ബോളില്‍ പെനാല്‍റ്റി എടുക്കുമ്പോള്‍ റണ്‍-അപ്പിനിടയില്‍ നിര്‍ത്തുന്നത് അനുവദനീയമല്ലെന്നും, ക്രിക്കറ്റിലും ഇത്തരം രീതികള്‍ അനുവദിക്കരുതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ശ്രീവത്സ ഗോസ്വാമിയുടെ ഈ വിമര്‍ശനത്തിനാണ് ആര്‍ അശ്വിന്‍ മറുപടി നല്‍കിയത്. ബൗളര്‍മാര്‍ക്ക് മേല്‍ മാത്രം എന്തിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്ന് അശ്വിന്‍ ചോദിച്ചു. ''ബാറ്റര്‍മാര്‍ക്ക് ബൗളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റോ റിവേഴ്സ് ഹിറ്റോ കളിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഒരു ബൗളര്‍ക്ക് തന്റെ ബൗളിങ്് കൈ മാറ്റണമെങ്കില്‍ പോലും അമ്പയറോട് അനുവാദം ചോദിക്കേണ്ടി വരുന്നു. ആദ്യം മാറ്റേണ്ടത് അത്തരം നിയമങ്ങളാണ്.'' അശ്വിന്‍ വ്യക്തമാക്കി.
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് തവണ താരിക്കിന്റെ ആക്ഷന്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും രണ്ട് തവണയും ക്ലിയറന്‍സ് ലഭിച്ചിരുന്നു. മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരിയും താരിക്കിന്റെ ആക്ഷന്‍ ഐസിസി നിയമങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈമുട്ടിന്റെ പ്രത്യേക അവസ്ഥ കാരണമാണ് മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്നതെന്ന് താരിക് നേരത്തെ പ്രതികരിച്ചിരുന്നു. കൈമുട്ട് പൂര്‍ണ്ണമായും നിവര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലും ഉസ്മാന്‍ താരിക് ശ്രദ്ധാകേന്ദ്രമാകുമെന്ന് ഉറപ്പാണ്.

