അണ്ടര്‍ 23 ദേശീയ ഏകദിനം; ഡല്‍ഹിയോട് പൊരുതിവീണു കേരളം; കൃഷ്ണനാരായണിന് സെഞ്ചുറി
അഹമ്മദാബാദ്: അണ്ടര്‍ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തെ വീഴ്ത്തി ഡല്‍ഹി. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.2 ഓവറില്‍ 332 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ കൃഷ്ണനാരായണിന്റെ പ്രകടനമാണ് കേരള നിരയില്‍ ശ്രദ്ധേയമായത്.
ഡല്‍ഹിക്ക് ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അങ്കിത് രാജേഷ് കുമാറും യഷ് ഭാട്ടിയയും ചേര്‍ന്ന് 81 പന്തുകളില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അങ്കിതിനെ പുറത്താക്കി കൃഷ്ണനാരായണാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. രണ്ടാം വിക്കറ്റില്‍ സുജന്‍ സിങ്ങും യഷ് ഭാട്ടിയയും ചേന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 83 റണ്‍സെടുത്ത യഷ് ഭാട്ടിയയെ നസല്‍ പുറത്താക്കി. തുടന്നെത്തിയ യുഗള്‍ സെയ്‌നിയുടെ പ്രകടനമാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അവസാന പന്ത് വരെ ഉറച്ച് നിന്ന യുഗള്‍ 81 പന്തുകളില്‍ നിന്ന് 101 റണ്‍സാണ് നേടിയത്.
എട്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.സുജല്‍ സിങ് 48ഉം ക്യാപ്റ്റന്‍ ദേവ് ലക്രയും ക്രിഷ് യാദവും 20 റണ്‍സ് വീതവും നേടി. കേരളത്തിന് വേണ്ടി പവന്‍ രാജ്, നസല്‍, അഭിറാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ കൃഷ്ണ നാരായണും ഒമര്‍ അബൂബക്കറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 47 പന്തുകളില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 38 റണ്‍സെടുത്ത ഒമര്‍ അബൂബക്കര്‍ ദിവിജ് മെഹ്‌റയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായി.
തുടര്‍ന്നെത്തിയ ഗോവിന്ദ് ദേവ് പൈ എട്ട് റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ രോഹന്‍ നായരും കൃഷ്ണ നാരായണും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 58 റണ്‍സ് പിറന്നു. 25 റണ്‍സെടുത്ത രോഹന്‍ നായര്‍ ദിവാന്‍ഷ് റാവത്തിന്റെ പന്തില്‍ എല്‍ബിഡബ്ലു ആയി. തുടര്‍ന്നെത്തിയ ഷോണ്‍ റോജറും കൃഷ്ണ നാരായണും ചേര്‍ന്നുള്ള 115 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കി.സമ്മര്‍ദ്ദങ്ങളില്ലാതെ ഇരുവരും ചേര്‍ന്ന് അതിവേഗം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. എന്നാല്‍ 61 റണ്‍സെടുത്ത ഷോണ്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. പിന്നാലെ പവന്‍ ശ്രീധര്‍ ഏഴ് റണ്‍സുമായി മടങ്ങി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണ നാരായന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.
സഞ്ജീവ് സതീശനുമൊത്ത് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ താരവും മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് അവസാനമായി. 102 പന്തുകളില്‍ 13 ബൗണ്ടറിയടക്കം 113 റണ്‍സായിരുന്നു നാരായണ്‍ നേടിയത്. 33 പന്തുകളില്‍ നിന്ന് 43 റണ്‍സുമായി സഞ്ജീവ് സതീശന്‍ പൊരുതി നോക്കിയെങ്കിലും ദിവിജ് മെഹ്‌റയുടെ പന്തില്‍ യഷ് ഭാട്ടിയ ക്യാച്ചെടുത്ത് പുറത്തായി. അഭിറാമും നസലും ആദിത്യ ബൈജുവും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സിന് 332ല്‍ അവസാനമായി.
