ബുലവായോ (സിംബാബ്വേ): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമല്‍സരത്തിലെ ആധികാരിക വിജയത്തിന്റെ ആവേശത്തില്‍ ഇന്ത്യ ശനിയാഴ്ച ബംഗ്ലാദേശിനെതിരേ കളിക്കാനിറങ്ങുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബുലവായോയിലെ ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബിലാണ് മല്‍സരം.
ട്വ്ന്റി-20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മത്സരമെന്നതാണ് ശ്രദ്ധേയം. ലോകകപ്പില്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വിഷയത്തില്‍ ഇതുവരെ പ്രശ്‌നപരിഹാരമായിട്ടില്ല.
എ ഗ്രൂപ്പിലെ ആദ്യമല്‍സരത്തില്‍ വ്യാഴാഴ്ച യുഎസിനെ 35.2 ഓവറില്‍ 107 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മഴനിയമപ്രകാരം 17.2 ഓവറില്‍ വിജയംകുറിച്ചു. പേസ് ബൗളര്‍ ഹനില്‍ പട്ടേല്‍ 16 റണ്‍സിന് അഞ്ചുവിക്കറ്റ് നേടി കളിയിലെ താരമായപ്പോള്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി രണ്ടുറണ്‍സില്‍ പുറത്തായത് മാത്രമാണ് നിരാശയായത്.ക്യാപ്റ്റന്‍ ആയുഷ് മാത്ര, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു, കനിഷ്‌ക് ചൗഹാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് കരുത്തുകാട്ടാനുള്ള അവസരമാകും ബംഗ്ലാദേശിനെതിരായ മല്‍സരം.
ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. മലയാളിയായ ആരോണ്‍ ജോര്‍ജ് ടീമിലുണ്ടെങ്കിലും യുഎസിനെതിരേ കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. അസീസുള്‍ ഹഖ് നയിക്കുന്ന ബംഗ്ലാദേശിന്റെ ബാറ്റിങ്ങിലെ പ്രധാനികള്‍ സവാദ് അബാര്‍, ഹക്കീം എന്നിവരാണ്. പേസര്‍മാരായ ഇഖ്ബാല്‍ ഹുസൈന്‍, അല്‍ ഫഹാദ് എന്നിവരിലും ടീം പ്രതീക്ഷയര്‍പ്പിക്കുന്നു.
