അണ്ടര്‍-19 ഏകദിന ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ കൗമാരപ്പട സെമിയില്‍
ബുലവായോ: അണ്ടര്‍-19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. ബുലവായോയിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ പാകിസ്താനതിരേ നേടിയ തന്ത്രപരമായ വിജയം ഇന്ത്യയെ ഗ്രൂപ്പ് ചാംപ്യന്‍മാരാക്കി. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയിട്ടും പോരാടി നേടിയ വിജയമാണ് ഇന്ത്യയുടേത്. സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെയുടെ ബൗളിങ്ങും ബൗളിങ് ചേഞ്ചുകളും കളിയുടെ ഗതി മാറ്റി. വിജയലക്ഷ്യമായ 253 റണ്‍സ് 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമേ പാകിസ്താന് സെമി യോഗ്യത നേടാനാകുമായിരുന്നുള്ളൂ.
എന്നാല്‍, ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രപരമായ ബൗളിങിന് മുന്നില്‍ പാകിസ്താന്‍ പതറി. 46.2 ഓവറില്‍ 194 റണ്‍സിന് അവര്‍ ഓള്‍ഔട്ടായതോടെ ഇന്ത്യക്ക് 58 റണ്‍സിന്റെ വിജയം. ഇതോടെ പാകിസ്താനെക്കാള്‍ രണ്ട് പോയിന്റ് ലീഡും മികച്ച റണ്‍ റേറ്റുമായി ഇന്ത്യ ആധികാരികമായി തന്നെ സെമിയിലെത്തുകയായിരുന്നു. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ തുടക്കത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ 47 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വേദാന്ത് ത്രിവേദിയുടെ (68) അര്‍ധ സെഞ്ചുറിയാണ് കരകയറ്റിയത്.
20 പന്തില്‍ 32 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും (0) മലയാളി ഓപ്പണര്‍ ആറോണ്‍ ജോര്‍ജും (16) മടങ്ങി. ഈ ഘട്ടത്തിലാണ് ചെറിയ കൂട്ടുകെട്ടുകളിലൂടെ വേദാന്ത് ഇന്ത്യന്‍ ഇന്നിങ്‌സിനു നങ്കൂരമിട്ടത്. 98 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും മാത്രം ഉള്‍പ്പെട്ട ക്ഷമാപൂര്‍ണമായ ഇന്നിങ്‌സായിരുന്നു അത്.
വാലറ്റത്ത് കനിഷ്‌ക് ചൗഹാനും (35), ഖിലാന്‍ പട്ടേലും (21) നടത്തിയ പോരാട്ടം ഇന്ത്യയെ 250 കടത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ ഭേദപ്പെട്ട തുടക്കം കുറിച്ചു. മൂന്നാം നമ്പറില്‍ ഉസ്മാന്‍ ഖാന്‍ (66) അര്‍ധ സെഞ്ചുറിയും നേടി. പക്ഷേ, നായകന്‍ ഫര്‍ഹാന്‍ യൂസഫ് (38) പുറത്തായതോടെ തകര്‍ച്ച തുടങ്ങി.അവസാന 8 വിക്കറ്റുകള്‍ വെറും 43 റണ്‍സിനിടെയാണ് പാകിസ്താന് നഷ്ടമായത്. സ്പിന്നര്‍മാരായ ഖിലന്‍ പട്ടേലും ആയുഷ് മാത്രെയും മൂന്ന് വിക്കറ്റ് വീതം നേടി. 35 റണ്‍സെടുത്തത് കൂടാതെ ഒരു വിക്കറ്റും നേടിയ കനിഷ്‌ക് ചൗഹാന്‍ പ്ലെയര്‍ ഒഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

