അണ്ടര്‍ 19 ലോകകപ്പ് ; പാകിസ്താന് പിന്നാലെ ബംഗ്ലാദേശും, കൈക്കൊടുക്കാതെ ഇന്ത്യ-ബംഗ്ലാദേശ് നായകര്‍
ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ പരസ്പരം കൈക്കൊടുക്കാതെ ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും നായകര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മഹ്ത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറും മത്സരത്തിനു മുന്‍പുള്ള പരസ്പരം കൈകൊടുക്കല്‍ ഒഴിവാക്കി. ബംഗ്ലാദേശ് നിരയില്‍ ക്യാപ്റ്റന്‍ അസീസുല്‍ ഹഖിന് പകരം വൈസ് ക്യാപ്റ്റന്‍ അബ്രാറാണ് ടോസിനെത്തിയത്. ടോസ് നേടിയ അബ്രാര്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.
2025ലെ ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ് എന്നിവയില്‍ ഇന്ത്യ പാകിസ്താന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാതിരുന്നത് രാഷ്ട്രീയപരമായി വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു. 2025-ല്‍ പാകിസ്താനെതിരേ തുടങ്ങിയ നിലപാട് ഇപ്പോള്‍ ബംഗ്ലാദേശിനെതിരേയും ആവര്‍ത്തിച്ചിരിക്കുകയാണ് ഇന്ത്യ. ഐപിഎലില്‍ ബംഗ്ലാദേശ് താരം മുസ്താഫിസുര്‍റഹ്‌മാന്റെ കരാര്‍ റദ്ദാക്കിയത് കാരണം തങ്ങളുടെ ലോകകപ്പ് വേദികള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഐസിസി ഇത് നിരസിച്ചു. ഇതേച്ചൊല്ലി ബിസിസിഐയും ബിസിബിയും തമ്മിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.
മല്‍സരത്തില്‍ ഡിഎല്‍എസ് മെത്തേഡില്‍ ഇന്ത്യ 18 റണ്‍സിന് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ 238-ന് പുറത്തായി. അഞ്ചുവിക്കറ്റ് നേടിയ അല്‍ ഫഹദാണ് ബംഗ്ലാദേശ് ബൗളര്‍മാരിലെ കേമന്‍. ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു 112 പന്തുകളില്‍ 80 റണ്‍സ് നേടി ടോപ് സ്‌കോററായി. ഓപ്പണര്‍ വൈഭവ് സൂര്യവംശി 67 പന്തില്‍ മൂന്ന് സിക്സും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടി.മറുപടി ബാറ്റിങില്‍ ബംഗ്ലാദേശ് 28.3 ഓവറില്‍ 146 റണ്‍സിന് പുറത്തായി.