ദുബായ്: അണ്ടര്‍ 19 ഏഷ്യ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. 90 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 46.1 ഓവറില്‍ 240 റണ്‍സിനു എല്ലാവരും പുറത്തായി. എന്നാല്‍ പാക് ബാറ്റിങ് നിര വെറും 150 റണ്‍സില്‍ പുറത്തായി. 41.2 ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ പാകിസ്താനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. കിഷന്‍ സിങ് 2 വിക്കറ്റെടുത്തു. ഖിലാന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.പാകിസ്താനായി ഹുസൈഫ അഷാന്‍ 70 റണ്‍സെടുത്തു തിളങ്ങി. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ്, 16 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ മലയാളി ബാറ്റര്‍ ആരോണ്‍ ജോര്‍ജ് (88 പന്തില്‍ 85) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.കനിഷ്‌ക് ചൗഹാന്‍ 46 പന്തില്‍ 46 റണ്‍സും ക്യാപ്റ്റന്‍ ആയുഷ് മാത്രെ 25 പന്തില്‍ 38 റണ്‍സെടുമെടുത്തു. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. 5 പന്തില്‍ 5 റണ്‍സെടുത്ത് സൂര്യവംശി പുറത്തായി. മഴയെ തുടര്‍ന്ന് മല്‍സരം 49 ഓവറായി ചുരുക്കിയിരുന്നു.
ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലാം ഓവറില്‍ പേസര്‍ മുഹമ്മദ് സയ്യം റിട്ടേണ്‍ ക്യാച്ചെടുത്താണ് വൈഭവ് സൂര്യവംശിയെ പുറത്താക്കിയത്. മൂന്നാമനായെത്തിയ ആരോണ്‍ ജോര്‍ജ് ഒരു സിക്സും 12 ഫോറും സഹിതമാണ് 85 റണ്‍സെടുത്തത്.
