വനിതാ ട്വന്റി-20 ലോകകപ്പ്; ബംഗ്ലദേശില്‍ നിന്നു മാറ്റി; യുഎഇ വേദിയാവും

Update: 2024-08-21 07:00 GMT

മുംബൈ: ഈ വര്‍ഷത്തെ വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇയില്‍ നടക്കും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ബംഗ്ലദേശില്‍ നടത്തേണ്ട ടൂര്‍ണമെന്റ് ഐസിസി മാറ്റിയത്. ഈ വര്‍ഷം ഒക്ടോബറിലാണ് വനിതാ ലോകകപ്പിന്റെ ഒന്‍പതാം എഡിഷന്‍ യുഎഇയില്‍ നടക്കുക. ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണു സംഘാടകര്‍.

ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍ നടക്കുക. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റുന്നതെന്ന് ഐസിസി പ്രസ്താവനയില്‍ അറിയിച്ചു. ഐസിസി ആസ്ഥാനം നിലനില്‍ക്കുന്ന യുഎഇയില്‍ നേരത്തേ 2021 ട്വന്റി20 ലോകകപ്പും നടന്നിട്ടുണ്ട്.

ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും പ്രക്ഷോഭകര്‍ തിരിഞ്ഞതോടെ ചെയര്‍മാന്‍ ജലാല്‍ യൂനസ് സ്ഥാനമൊഴിഞ്ഞിരുന്നു. ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജലാലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസനും രാജിവയ്ക്കാന്‍ ഒരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.






Tags: