ട്വന്റി-20 ലോകകപ്പ്; പാകിസ്താന്‍ തീരുമാനം മാറ്റാന്‍ ഒരുങ്ങുന്നു; ഇന്ത്യക്കെതിരേ കളിച്ചേക്കും

Update: 2026-02-09 17:28 GMT

ഇസ്ലാമാബാദ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങാനൊരുങ്ങി പാകിസ്താന്‍. ഫെബ്രുവരി 15ന് നടക്കുന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ ഇറങ്ങിയേക്കും. ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ട്വന്റി-20 ലോകകപ്പില്‍നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പാകിസ്താന്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നത്.

ലാഹോറില്‍ നടന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി), ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാകിസ്താന്‍ തീരുമാനം പിന്‍വലിക്കാനൊരുങ്ങുന്നത്. ബഹിഷ്‌കരണത്തില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അന്തിമ തീരുമാനം എടുക്കുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഐസിസിയുമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങള്‍ നഖ്വി പാക് സര്‍ക്കാരിനെ ധരിപ്പിച്ചതായാണ് വിവരം.

ചര്‍ച്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യങ്ങളോട് ഐസിസി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നാണ് പാകിസ്താന്‍ പറയുന്നത്. അതേസമയം യോഗത്തില്‍ പാകിസ്താനും ബംഗ്ലാദേശും മുന്നോട്ടുവെച്ച ചില ആവശ്യങ്ങളോട് ഐസിസി നോ പറഞ്ഞായും റിപോര്‍ട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ എന്നിവരടങ്ങുന്ന ഒരു ത്രിരാഷ്ട്ര പരമ്പര തുടങ്ങിയ ആവശ്യങ്ങള്‍ തള്ളിയതായാണ് വിവരം. ചര്‍ച്ചകള്‍ക്ക് ശേഷം പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിയാലോചിച്ച് ബോര്‍ഡിന്റെ നിലപാട് അന്തിമമാക്കാന്‍ ഐസിസി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിക്ക് ഒരു ദിവസം സമയം നല്‍കിയിട്ടുണ്ട്. ഇന്നോ നാളെയോ മൊഹ്സിന്‍ നഖ്വി അന്തിമ തീരുമാനം പ്രഖ്യാപിക്കും.