ട്വന്റി-20 ലോകകപ്പ്; പാകിസ്താന്‍ സൂപ്പര്‍ എട്ടില്‍; നമീബിയക്കെതിരേ കൂറ്റന്‍ ജയം
കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ നമീബിയയെ 102 റണ്‍സിന് തകര്‍ത്ത് പാകിസ്താന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. കൊളംബോ, സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. 58 പന്തില്‍ 100 റണ്‍സുമായി പുറത്താവാതെ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങില്‍ നമീബിയ 17.3 ഓവറില്‍ 97ന് എല്ലാവരും പുറത്താവുകയായിരുന്നു. ഉസ്മാന്‍ താരിഖ് നാലും ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്റ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് പാകിസ്താന്‍ കളിക്കേണ്ടത്.
മറുപടി ബാറ്റിങില്‍ നമീബിയ നിരയില്‍ ലോറന്‍ സ്റ്റീന്‍കാംപ് (23), അലക്സാണ്ടര്‍ വോള്‍ഷെങ്ക് (20) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ജാന്‍ ഫ്രിലിങ്ക് (9), ജാന്‍ നിക്കോള്‍ ലോഫ്റ്റി (5), ജെര്‍ഹാര്‍ഡ് ഇറാസ്മസ് (7), ജെജെ സ്മിത്ത് (9), സെയ്ന്‍ ഗ്രീന്‍ (7) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് തുടക്കത്തില്‍ തന്നെ സയിം അയൂബിന്റെ (14) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ സല്‍മാന്‍ അഗ (23 പന്തില്‍ 38) ഫര്‍ഹാന്‍ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ അഗ മടങ്ങി. തുടര്‍ന്നെത്തിയ ഖവാജ നഫായ് (5) നിരാശപ്പെടുത്തി. എന്നാല്‍ ഷദാഖ് ഖാനെ (22 പന്തില്‍ 36) കൂട്ടുപിടിച്ച് ഫര്‍ഹാന്‍ പാകിസ്താനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 58 പന്തുകള്‍ നേടിട്ട ഹര്‍ഫാന്‍ നാല് സിക്സും 11 ഫോറും നേടി.
