ട്വന്റി-20 ലോകകപ്പ്; വെടിക്കെട്ടുമായി ഇഷാന്‍, മോശമാക്കാതെ റിങ്കു സിങും, കൊളംബോയില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ലക്ഷ്യം 176 റണ്‍സ്

Update: 2026-02-15 15:22 GMT

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പാക് നിര ഇന്ത്യയെ 175 റണ്‍സിന് പിടിച്ചു കെട്ടി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 175 റണ്‍സെടുത്തത്. ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ടൊഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ല.

ഇഷാന്‍ കിഷന്‍ 40 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. രോഗമുക്തി നേടി തിരിച്ചെത്തിയ അഭിഷേക് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ പന്തില്‍ ഷഹീന്‍ ക്യാച്ചെടുത്ത് ശര്‍മ്മ പുറത്താകുകയായിരുന്നു. തിലക് വര്‍മ്മ 24 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. സെയിമിനാണ് വിക്കറ്റ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡെയെയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പാക് ബൗളര്‍മാര്‍ സമ്മതിച്ചില്ല. താരം റണ്ണൊന്നുമെടുക്കാതെ പുറത്തായി. സെയിമിന്റെ പന്തില്‍ ബാബറിനായിരുന്നു വിക്കറ്റ്. 17 പന്തില്‍ 27 റണ്‍സെടുത്ത ശിവം ഡുബേ റണ്ണൗട്ടായി. ദുബെയാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ടീം ഇറങ്ങിയത്. ടോസ് സമയത്ത് ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം നടത്തിയില്ല.




Tags: