ഷാരൂഖ് ഖാന്‍ സൂപ്പര്‍; സെയ്ദ് മുഷ്താഖ് അലി ട്രോഫി തമിഴ്‌നാടിന്

ജയമുറപ്പിച്ച കര്‍ണ്ണാടകയുടെ സ്വപ്‌നങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട് ചാംപ്യന്‍മാരാവുകയായിരുന്നു.

Update: 2021-11-22 14:22 GMT


ഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടി തമിഴ്‌നാട്. അരുണ്‍ ജെയ്റ്റലി സ്റ്റേഡിയത്തില്‍ അവസാന പന്ത് വരെ ആവേശം വിതറിയ മല്‍സരത്തില്‍ കര്‍ണ്ണാടകയെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് തമിഴ്‌നാട് ജേതാക്കളായത്. മാന്‍ ഓഫ് ദി മാച്ചായ ഷാരൂഖ് ഖാന്‍ അവസാന പന്തിലാണ് ജയം തമിഴ്‌നാടിന് ഒപ്പമാക്കിയത്. തമിഴ്‌നാടിന്റെ ലക്ഷ്യം 152 റണ്‍സായിരുന്നു. അവസാന ഓവറില്‍ തമിഴ്‌നാടിന് വേണ്ടത് 16 റണ്‍സായിരുന്നു. കര്‍ണ്ണാടക വിജയം ഉറപ്പിച്ച ഓവറില്‍ ഹീറോ ആയത് പഞ്ചാബ് കിങ്‌സിന്റെ തമിഴ്‌നാട് താരം ഷാരൂഖ് ഖാനായിരുന്നു. ഷാരൂഖിനൊപ്പം ക്രീസിലുണ്ടായത് സായ് കിഷോറായിരുന്നു. ഇരുവരും ചേര്‍ന്ന് അവസാന പന്ത് വരെ 11 റണ്‍സ് നേടി. അവസാന പന്തില്‍ വേണ്ട അഞ്ച് റണ്‍സിന് ഷാരൂഖ് അടിച്ചത് തകര്‍പ്പന്‍ സിക്‌സ്. ജയമുറപ്പിച്ച കര്‍ണ്ണാടകയുടെ സ്വപ്‌നങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട് ചാംപ്യന്‍മാരാവുകയായിരുന്നു.


15 പന്തില്‍ 33 റണ്‍സ് നേടിയാണ് ഷാരൂഖ് മല്‍സരത്തിലെ താരമായത്. മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. തമിഴ്‌നാടിനായി ക്യപ്റ്റന്‍ വിജയ് ശങ്കര്‍ 18 ഉം ഓപ്പണര്‍ എന്‍ ജഗദീശന്‍ 41 ഉം ഹരി നിശാന്ത് 23 ഉം റണ്‍സെടുത്തു.


ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടുകയായിരുന്നു.




Tags:    

Similar News