കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ട്വന്റി-20 പരമ്പരയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. കായിക പ്രേമികള്‍ക്ക് ആകാംക്ഷയേകി, കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രമീകരിച്ചിരിക്കുന്നത്. വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 125 രൂപയും, ജനറല്‍ ടിക്കറ്റിന് 250 രൂപയും ഹോസ്പ്പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 രൂപയുമാണ് നിരക്കുകള്‍.
ഡിസംബര്‍ 26, 28, 30 തിയ്യതികളിലായാണ് മല്‍സരങ്ങള്‍ നടക്കുക. അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയിലെ നിര്‍ണായകമായ മൂന്ന് മത്സരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ നിറവില്‍ ലോകചാംപ്യന്മാരായ ഇന്ത്യന്‍ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്തെ ആദ്യ രണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 24ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹര്‍മന്‍പ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കുറഞ്ഞ നിരക്കുകള്‍, വനിതാ ക്രിക്കറ്റിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെയും ശ്രീലങ്കയുടെയും കരുത്തരായ വനിതാ ടീമുകള്‍ ഏറ്റുമുട്ടുന്ന ആവേശകരമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ വലിയൊരു ജനക്കൂട്ടത്തെയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പ്രതീക്ഷിക്കുന്നത്.