മെന്‍ ഇന്‍ ബ്ലൂ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത് ഓറഞ്ച് ജഴ്‌സിയില്‍

Update: 2019-06-29 19:20 GMT

ഓവല്‍: ലോകകപ്പിലെ ഇന്ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ആരാധകര്‍ കാണുന്നത് പുതിയ ലുക്കില്‍. പരമ്പരാഗതമായി നീല ജഴ്‌സിയിലുള്ള ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങുന്നത് ഓറഞ്ച് ജഴ്‌സിയില്‍.

മുന്‍ വശത്ത് കടും നീലയും കൈകളിലും പിന്‍വശത്തും ഓറഞ്ച് നിറവുമുള്ള തരത്തിലാണ് പുതിയ ജഴ്‌സി. ഐസിസിയുടെ പുതിയ നിയമപ്രകാരമാണ് ഇന്ത്യന്‍ ടീം ജഴ്‌സി മാറ്റുന്നത്. ഈ ലോകകപ്പ് മുതല്‍ ഐസിസി ഇവന്റുകളില്‍ ഉപയോഗിക്കാനായി ഓരോ ടീമും രണ്ട് ജഴ്‌സി തിരഞ്ഞെടുക്കണം. നിലവില്‍ ഇന്ത്യന്‍ ടീം ഉപയോഗിക്കുന്നതാണ് ഒന്നാമത്തെ ജഴ്‌സി. ഹോം മല്‍സരങ്ങള്‍ക്കും എവേ മല്‍സരങ്ങള്‍ക്കും വെവ്വേറെ ജഴ്‌സിയാണ് ടീം ഉപയോഗിക്കേണ്ടത്. എവേ മല്‍സരങ്ങള്‍ക്കാണ് ഇന്ത്യ ഓറഞ്ച് ജഴ്‌സി ഉപയോഗിക്കുക. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജഴ്‌സിയും നീലയാണ്. ആതിഥേയരായ ഇംഗ്ലണ്ടിന് ജഴ്‌സി മാറ്റേണ്ടതില്ല. ഇംഗ്ലണ്ടിനെ കൂടാതെ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരേയും ഇന്ത്യ ഓറഞ്ച് ജഴ്‌സിയിലാണ് ഇറങ്ങുക. ഈ മൂന്ന് ടീമിന്റെയും ജഴ്‌സി നീലയാണ്. ഏകദിന ക്രിക്കറ്റില്‍ കളര്‍ ജഴ്‌സി നിര്‍ബന്ധമാക്കിയത് 1992ലാണ്. അന്നുമുതല്‍ ഇന്ന് വരെ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി നീലയാണ്.

ആറു മല്‍സരങ്ങളില്‍ അഞ്ചെണ്ണവും ജയിച്ച ഇന്ത്യ 11 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാവട്ടെ പാകിസ്താന്റെ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിന് എട്ട് പോയിന്റാണുള്ളത്. നാല് മല്‍സരങ്ങളിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. 

Tags: