മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മല്‍സരത്തില്‍ തന്നെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ച് യുഎസ്എ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്സാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 49 പന്തുകള്‍ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കാണ് യുഎസിനായി തിളങ്ങിയത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ യുഎസ് ഞെട്ടിച്ചു. രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ (0) പുറത്ത്. തുടര്‍ന്ന് ഇഷാന്‍ കിഷനും തിലക് വര്‍മയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ ആറാം ഓവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. രണ്ടാം പന്തില്‍ ഇഷാന്‍ കിഷനും (16 പന്തില്‍ 20), അഞ്ചാം പന്തില്‍ തിലക് വര്‍യും (16 പന്തില്‍ 25), ആറാം പന്തില്‍ ശിവം ദുബെയും (0) വീണതോടെ ഇന്ത്യ ആറ് ഓവറില്‍ നാലിന് 46 റണ്‍സെന്ന നിലയിലേക്ക് വീണു.
പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും ചേര്‍ന്നെങ്കിലും സ്‌കോര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടി. 12-ാം ഓവറില്‍ റിങ്കു സിങ്ങും വീണതോടെ ഇന്ത്യ അഞ്ചിന് 72 റണ്‍സെന്ന നിലയിലായി. 14 പന്തില്‍ നിന്ന് ആറു റണ്‍സ് മാത്രമായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക്കിനും പിടിച്ചുനില്‍ക്കാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സുമായി ഹാര്‍ദിക് മടങ്ങിയതോടെ ഇന്ത്യ ആറിന് 77 റണ്‍സെന്ന നിലയിലായി.
ഏഴാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യ - അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. 24 പന്തില്‍ നിന്നായിരുന്നു ഈ സഖ്യം 41 റണ്‍സടിച്ചത്. അക്ഷര്‍ 11 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു.ഇന്ത്യന്‍ വംശജനായ സൗരഭ് നേത്രവാല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സ് അടിച്ചെടുത്ത സൂര്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 161-ല്‍ എത്തിച്ചത്.
നേരത്തേ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അസുഖം കാരണം ജസ്പ്രീത് ബുംറ കളിക്കുന്നില്ല. സഞ്ജു സാംസണും പ്ലേയിങ് ഇലവനില്‍ ഇടംകിട്ടിയില്ല. വാഷിങ്ടണ്‍ സുന്ദറും ടീമിലില്ല.
