ട്വന്റി-20 ലോകകപ്പ്; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍, ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി

Update: 2025-12-20 09:17 GMT

മുംബൈ: 2026-ലെ ട്വന്റി-20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുക മാത്രമല്ല, ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. സഞ്ജു സാംസണ്‍ ടീമിലിടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെയും ഒഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ ആരും ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മുതലാക്കിയതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. സഞ്ജുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗില്ലിന് പരകരക്കാരനായി ഓപ്പണാറിയ എത്തിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്തിരുന്നു. ലോകകപ്പ് ടീമില്‍ ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജുവിനെ തന്നെയാകും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുക.

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.






Tags: