ട്വന്റി-20 ലോകകപ്പ്; ഇന്ത്യ- പാക് പോരാട്ടം നടന്നേക്കും, ചര്‍ച്ച ചെയ്യാന്‍ ഐസിസി പ്രതിനിധികള്‍ പാകിസ്താനില്‍
ലാഹോര്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനു വഴി തെളിയുന്നതായി റിപോര്‍ട്ടുകള്‍. വിഷയത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിക്കാന്‍ ഐസിസി തീരുമാനിച്ചതായാണ് വിവരം. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം തീരുമാനിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെ ട്വന്റി-20 ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്താന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് പ്രശ്നം രമ്യതയിലെത്തിച്ച് മത്സരം നടത്താനുള്ള ശ്രമങ്ങള്‍ ഐസിസി തുടങ്ങിയിരിക്കുന്നത്.
ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ ചര്‍ച്ചകള്‍ക്കായി ലാഹോറിലെത്തിയെന്നാണ് വിവരം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്ലന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.
