ട്വന്റി-20 ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ ഇന്ന്; സഞ്ജു വെടിക്കെട്ടിന് കാതോര്‍ത്ത് ആരാധകര്‍

Update: 2026-03-05 06:34 GMT

മുംബൈ: ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മല്‍സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.

ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മല്‍സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.

കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മല്‍സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

ഫോം ഔട്ടായതിനാല്‍ ആദ്യ മല്‍സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു.




Tags: