ട്വന്റി-20 ലോകകപ്പ്; വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അസ്വീകാര്യം: ഐസിസി, ഇന്ത്യയില്‍ തന്നെ കളിക്കണം

Update: 2026-01-13 08:05 GMT

മുംബൈ: ബംഗ്ലാദേശിന്റെ ട്വന്റി-20 ലോകകപ്പ് 2026 മല്‍സരങ്ങളുടെ വേദി ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കോ മറ്റോ മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പിലെ നാല് ഗ്രൂപ്പ് മല്‍സരങ്ങളും ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശിനോട് ഉത്തരവിട്ടു.സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ച് ബിസിബി ഐസിസിക്ക് കത്തെഴുതിയിരുന്നു. ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മല്‍സരങ്ങള്‍ മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇന്ത്യയില്‍ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണിയും ഇല്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം നിരസിച്ചത്. സുരക്ഷാ ആശങ്ക സംബന്ധിച്ച് ബിസിബിയോട് വിശദീകരണം തേടുകയും അപകടസാധ്യതയെ കുറിച്ച് സ്വതന്ത്ര വിലയിരുത്തല്‍ നടത്തുകയും ചെയ്ത ശേഷമാണ് ഐസിസിയുടെ തീരുമാനം.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സുരക്ഷാ വിദഗ്ധരാണ് ഐസിസിക്ക് വേണ്ടി അപകടസാധ്യതാ വിലയിരുത്തലുകള്‍ നടത്തിയത്. ബംഗ്ലാദേശിന് ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്ത മല്‍സരങ്ങള്‍ കളിക്കുന്നതിന് ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണിയും ഇല്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തി. ഇന്ത്യയില്‍ ടൂര്‍ണമെന്റുകള്‍ക്ക് പൊതുവായി സുരക്ഷാ പ്രശ്നങ്ങളുടെ തോത് കുറഞ്ഞതോ മിതമായതോ ആണ്. പല പ്രധാന ആഗോള കായിക ഇനങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലെ സ്ഥിതിയുമായി ഇത് പൊരുത്തപ്പെടുന്നുവെന്നും ഐസിസി വ്യക്തമാക്കി. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ മാച്ചുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ രണ്ട് സ്റ്റേഡിയങ്ങളിലും സാധാരണയില്‍ കവിഞ്ഞ സുരക്ഷാ ആശങ്കകള്‍ ഒന്നുമില്ലെന്നാണ് ഐസിസിക്ക് ലഭിച്ച പ്രൊഫഷണല്‍ ഉപദേശം.





Tags: