സയ്യിദ് മുഷ്താഖ് അലി ട്രോഫി; വെടിക്കെട്ട് സെഞ്ചുറിയുമായി ടീനേജ് താരം ആയുഷ് മാത്രെ; തകര്‍ത്തത് രോഹിത് ശര്‍മയുടെ റെക്കോര്‍ഡ്

Update: 2025-11-29 08:13 GMT

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. വിദര്‍ഭയ്‌ക്കെതിരായ മല്‍സരത്തില്‍ 53 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് ആയുഷ് അടിച്ചെടുത്തത്. എട്ട് ഫോറും എട്ട് സിക്സുമാണ് മാത്രെയുടെ ബാറ്റില്‍ നിന്ന് പിറന്നത്. വിദര്‍ഭയ്‌ക്കെതിരായ മല്‍സരത്തില്‍ അപരാജിത സെഞ്ച്വറി നേടി മുംബൈയെ വിജയത്തിലേക്ക് നയിക്കാനും ആയുഷിന് സാധിച്ചു.

ലഖ്‌നൗവില്‍ നടന്ന മല്‍സരത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് തകര്‍ക്കാനും മാത്രെയ്ക്ക് സാധിച്ചു. ട്വന്റി-20, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ലിസ്റ്റ് എ ക്രിക്കറ്റ് എന്നിവയില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിലാണ് ആയുഷ് രോഹിത്തിനെ മറികടന്നത്. 18 വര്‍ഷവും 135 ദിവസവുമാണ് താരത്തിന്റെ പ്രായം. 19 വര്‍ഷവും 339 ദിവസവും പ്രായമുള്ളപ്പോള്‍ രോഹിത് നേടിയ റെക്കോര്‍ഡാണ് 19 വര്‍ഷത്തിന് ശേഷം ആയുഷ് തിരുത്തിയത്.

അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പട്ടതിന് പിന്നാലെയാണ് ആയുഷിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. ആയുഷിന്റെ സെഞ്ചുറിക്കരുത്തില്‍ വിദര്‍ഭയെ ഏഴ് വിക്കറ്റിന് മുംബൈ പരാജയപ്പെടുത്തി. ആയുഷിന്റെ നിര്‍ണായക സെഞ്ചുറിക്ക് പുറമേ സൂര്യകുമാര്‍ യാദവ് (35) ശിവം ദുബെ (39) എന്നിവരും മികച്ച സംഭാവന നല്‍കി. അജിങ്ക്യ രഹാനെ റണ്‍സെടുക്കാതെ പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അഥര്‍വ തൈഡെയും (64) അമന്‍ മൊഖാഡെയും (61) ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 115 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ഇരുവരും പുറത്തായി. ഇതിന് പിന്നാലെ വന്ന ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ വിദര്‍ഭ തകര്‍ന്നു. യാഷ് റാത്തോഡ് (23), ഹര്‍ഷ് ദുബെ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിവം ദുബെ, സായ്രാജ് പാട്ടീല്‍ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.