സയ്യിദ് മുഷ്താഖ് അലി ട്വന്റി-20; സഞ്ജുവിന്റെ വെടിക്കെട്ട്, മുംബൈയെ തകര്‍ത്ത് കേരളം, ആസിഫിന് അഞ്ചു വിക്കറ്റ്
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ മുംബൈയെ ഞെട്ടിച്ച് കേരളം. മുംബൈക്കെതിരെ 15 റണ്‍സ് ജയമാണ് കേരളം നേടിയത്. സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരടങ്ങിയ ടീമിനെയാണ് കേരളം അട്ടിമറിച്ചത്. 28 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 3.4 ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റ് പിഴുത കെ.എം ആസിഫാണ് മുംബൈയെ തകര്‍ത്തത്. വിഗ്നേഷ് പുത്തൂര്‍ രണ്ടു വിക്കറ്റെടുത്തു. ഷറഫുദ്ദീന്‍, എം.ഡി നിധീഷ്, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പവര്‍ പ്ലേ മുതലാക്കി സഞ്ജു മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. രോഹന്‍ കുന്നുമ്മലിനെ കാഴ്ച്ചക്കാരനാക്കി ഒന്നാം വിക്കറ്റില്‍ തന്നെ 42 റണ്‍സ് ചേര്‍ത്തു. ഇതില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹന്റെ സംഭാവന. നാലാം ഓവറിന്റെ അവസാന പന്തില്‍ രോഹന്‍ ബൗള്‍ഡാവുകയും ചെയ്തു. ഷംസ് മുലാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ സഞ്ജുവും മടങ്ങി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. തുടര്‍ന്ന വിഷ്ണു - അസര്‍ സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ നടത്തിയ വെടിക്കെട്ടാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. വെറും 15 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്തു. വിഷ്ണു വിനോദ് 40 പന്തില്‍ നിന്ന് 43 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു.
മറുപടി ബാറ്റിങില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 40 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 52 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്.

