കൊല്‍ക്കത്ത സംഭവത്തില്‍ മെസിക്കെതിരേ സുനില്‍ ഗാവസ്‌കര്‍; 'യഥാര്‍ഥ കുറ്റവാളി മെസി തന്നെ'
മുംബൈ: 'ഗോട്ട് ഇന്ത്യ ടൂറി'ന്റെ ഭാഗമായി കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി കടുത്ത വിമര്‍ശനത്തിന് ഇരയായി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറാണ് മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതില്‍ മെസ്സി പരാജയപ്പെട്ടു എന്ന് ഗാവസ്‌കര്‍ 'സ്പോര്‍ട്സ് സ്റ്റാറി'ലെഴുതിയ തന്റെ പ്രതിവാര കോളത്തില്‍ കുറിച്ചു.
നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസ്സി, അത് പാലിക്കാതെ നേരത്തേ മടങ്ങിയെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറെങ്കിലും മെസ്സി സ്റ്റേഡിയത്തില്‍ തുടരേണ്ടതായിരുന്നു.
നേരത്തേ മടങ്ങിയെങ്കില്‍ യഥാര്‍ഥ കുറ്റവാളി മെസ്സിയും അദ്ദേഹത്തിന്റെ പരിചാരകരുമാണ്. സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വാദങ്ങളെ ഗാവസ്‌കര്‍ തള്ളിക്കളഞ്ഞു. മെസ്സിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നില്ലെന്നും, ഗ്രൗണ്ടില്‍ നടക്കുകയോ പെനാല്‍റ്റി എടുക്കുകയോ പോലുള്ള ലളിതമായ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മെസ്സിയുടെ പരിപാടികള്‍ വിജയകരമായി നടന്ന കാര്യം ഗാവസ്‌കര്‍ ഓര്‍മ്മിപ്പിച്ചു. അവിടെയെല്ലാം മെസ്സി പ്രതിബദ്ധത കാണിച്ചതുകൊണ്ടാണ് പരിപാടികള്‍ സുഗമമായി നടന്നത്. അതിനാല്‍ കൊല്‍ക്കത്തയിലെ ഇന്ത്യക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, ഇരുപക്ഷവും നല്‍കിയ വാഗ്ദാനങ്ങള്‍ യഥാര്‍ഥത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൊല്‍ക്കത്തയിലെ സംഘാടകരെ പിന്തുണച്ച് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ലയണല്‍ മെസ്സിയും സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും സാള്‍ട്ട്‌ലേക്ക് (വിവേകാനന്ദ യുവഭാരതി) സ്റ്റേഡിയത്തിലെത്തിയത്. 4,000 രൂപ മുതല്‍ 15,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയില്‍ 20,000 രൂപ വരെ നല്‍കി ടിക്കറ്റ് സ്വന്തമാക്കിയവര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അമ്പതിനായിരത്തോളം ആരാധകരാണ് മെസ്സിയെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്.
എന്നാല്‍, ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലിയ ആള്‍വലയത്തിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. കനത്ത ആള്‍ക്കൂട്ടത്തില്‍ സ്റ്റേഡിയത്തിലിരുന്ന ആരാധകര്‍ക്ക് താരത്തെ വ്യക്തമായി കാണാന്‍ സാധിച്ചില്ല. സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന പരാതിയും ഉയര്‍ന്നു. ഇതോടെ ആരാധകര്‍ പ്രകോപിതരായി പ്രതിഷേധം ആരംഭിച്ചു.
സാഹചര്യം വഷളായതോടെ നിശ്ചയിച്ചതിലും വേഗത്തില്‍ സംഘാടകര്‍ മെസ്സിയെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തെത്തിച്ചു. ഇതോടെ പ്രകോപിതരായ കാണികള്‍ അക്രമാസക്തരാവുകയും ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയും ചെയ്തു. സംഭവത്തില്‍ പോലിസുകാര്‍ക്ക് ഉള്‍പ്പെടെ ചെറിയ പരിക്കുകളുണ്ടായി. പരിപാടിയുടെ പ്രധാന സംഘാടകനും സ്‌പോര്‍ട്‌സ് പ്രമോട്ടറുമായ ശതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു. കൂടാതെ, സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാണികള്‍ക്ക് ടിക്കറ്റ് ഫീസ് തിരിച്ചുനല്‍കിയില്ലെങ്കില്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി രാജീവ് കുമാര്‍ അറിയിച്ചു.

