പാകിസ്താനെതിരേ ആറ് വിക്കറ്റ് നേട്ടം, ജെയ്ഡന്‍ സീല്‍സ് വിന്‍ഡീസിന്റെ പുതിയ താരോദയം

Update: 2025-08-13 06:08 GMT


ട്രിനിഡാഡ്:
പാകിസ്താനെതിരേ അവസാന ഏകദിനത്തില്‍ ആറ് വിക്കറ്റിന് വീഴ്ത്തിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സിന് റെക്കോഡ്. 7.2 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സീല്‍സ് ആറ് വിക്കറ്റ് വീഴ്ത്തിയത്. സീല്‍സിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വിന്‍ഡീസ് 202 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ പാകിസ്താന്‍ കേവലം 29.2 ഓവറില്‍ 92ന് എല്ലാവരും പുറത്തായി.

ജയ്ഡന്‍ സീല്‍സ് സ്വന്തമാക്കിയ ചില റെക്കോഡുകള്‍. പാകിസ്താനെതിരെ ഏകദിനത്തില്‍ ഒരു ബൗളര്‍ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്നിന്റെ പേരിലുള്ള റെക്കോഡാണ് സീല്‍സ് സ്വന്തം പേരിലാക്കിയത്. സ്റ്റെയ്ന്‍ 2013ല്‍ ഒമ്പത് ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇക്കാര്യത്തില്‍ ശ്രീലങ്കയുടെ തിസാര പെരേര മൂന്നാമത്. 2012ല്‍ 10 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് തിസാര വീഴ്ത്തിയത്.

23കാരനായ സീല്‍സ് വിന്‍ഡീസിന്റെ പുതിയ കണ്ടുപിടുത്തമാണ്. 2025ല്‍ കളിച്ച എട്ട് ഏകദിനങ്ങളില്‍ നിന്ന് മാത്രം 18 വിക്കറ്റാണ് താരം വീഴ്ത്തിത്. 21 ടെസ്റ്റുകളില്‍ 88 വിക്കറ്റുകളും സീല്‍സ് സ്വന്തമാക്കി. പാകിസ്താനെതിരെ 34 വര്‍ഷങ്ങള്‍ക്കിടെ വിന്‍ഡീസ് സ്വന്തമാക്കുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്. 1991ലാണ് അവസാനമായി വിന്‍ഡീസ്, പാകിസ്താനെതിരെ പരമ്പര ജയിച്ചത്.

നേരത്തെ, 94 പന്തില്‍ 120 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ഷായ് ഹോപ്പാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. തുടക്കത്തില്‍ 68 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ബ്രന്‍ഡന്‍ കിംഗ് (5), എവിന്‍ ലൂയിസ് (37), കീസി കാര്‍ട്ടി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെ ഹോപ്പ് - ഷെഫാനെ റുതര്‍ഫോര്‍ഡ് (15) സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്ത് വിന്‍ഡീസിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ റുതര്‍ഫോര്‍ഡിനെ മടക്കി അയൂബ് പാകിസ്താനെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

തുടര്‍ന്ന് റോസ്റ്റണ്‍ ചേസ് (36) ഹോപ് സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. നസീം ഷായാണ് കൂട്ടൂകെട്ട് പൊളിച്ചത്. 41-ാം ഓവറില്‍ ചേസിനെ നസീം ബൗള്‍ഡാക്കി. മോട്ടി ആവട്ടെ മുഹമ്മദ് നവാസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ആറിന് 184 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് അവസാന എട്ട് ഓവറുകളില്‍ 110 റണ്‍സാണ് ഹോപ്പ് - ജസ്റ്റിന്‍ ഗ്രീവ്സ് അടിച്ചെടുത്തത്. ഗ്രീവ്സ് 24 പന്തില്‍ പുറത്താവാതെ 43 റണ്‍സ് നേടി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. 94 പന്തുകള്‍ നേരിട്ട ഹോപ്പ് അഞ്ച് സിക്സും 10 ഫോറും നേടി. പാകിസ്ഥാന് വേണ്ടി നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags: