അരങ്ങേറ്റ ട്വന്റിക്ക് പിറകെ ഏകദിനത്തിലും അര്‍ദ്ധ ശതകവുമായി ഇഷാന്‍

അന്ന് 32 പന്തിലാണ് താരം 56 റണ്‍സ് നേടിയത്.

Update: 2021-07-18 19:14 GMT


കൊളംബോ: അരങ്ങേറ്റ ട്വന്റി-20 മല്‍സരത്തിന് പിറകെ അരങ്ങേറ്റ ഏകദിനത്തിലും അര്‍ദ്ധ ശതകവുമായി ഇഷാന്‍ കിഷന്‍.ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് താരം അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയത്. ഈ റെക്കോഡ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ഇഷാന്‍. മുമ്പ് ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡുസ്സന്‍ ഈ റെക്കോഡ് നേടിയിരുന്നു. കൂടാതെ അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ദ്ധശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും 23 കാരനായ ഇഷാന്‍ ഇന്ന് തന്റെ പേരിലാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ക്രുനാല്‍ പാണ്ഡെയും ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ അര്‍ദ്ധശതകം നേടിയിരുന്നു. ക്രുനാല്‍ 26 പന്തിലായിരുന്നു അര്‍ദ്ധശതകം നേടിയത്. ഇന്ന് 33 പന്തിലാണ് താരം 59 റണ്‍സ് നേടിയത്. മൂന്നാമനായി ഇറങ്ങിയാണ് ഇഷാന്‍ നേട്ടം കരസ്ഥമാക്കിയത്.


ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ 20-20 അരങ്ങേറ്റത്തിലും താരം അര്‍ദ്ധശതകം നേടിയിരുന്നു. അന്ന് 32 പന്തിലാണ് താരം 56 റണ്‍സ് നേടിയത്. അന്ന് ഇഷാനായിരുന്നു മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ഇന്ന് തന്റെ ജന്‍മദിനത്തിലാണ് താരം ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ജന്‍മദിനത്തില്‍ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ലോകത്തിലെ 16ാമത്തെ താരവും ഇന്ത്യയുടെ രണ്ടാമത്തെ താരവുമാണ് ഇഷാന്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അരങ്ങേറ്റമല്‍സരത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ആദ്യ താരം. 2001ന് ശേഷം അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന ആദ്യ താരം എന്നീ റെക്കോഡുകളും ഈ ബീഹാറുകാരന്‍ ഇന്ന് നേടി.




Tags:    

Similar News