ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് ശ്രീലങ്ക - ന്യൂസിലന്‍ഡ് പോര്

Update: 2026-02-25 07:56 GMT

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ട് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയും ന്യൂസിലന്‍ഡും ഇന്ന് ഏറ്റുമുട്ടുന്നു. സെമിഫൈനല്‍ സാധ്യതകള്‍ ശക്തമാക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമണിക്കാണ് മല്‍സരം നടക്കുന്നത്. പല്ലക്കീലില്‍ നടന്ന ആദ്യ സൂപ്പര്‍ 8 മല്‍സരത്തില്‍ ശ്രീലങ്കയെ 51 റണ്‍സിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. 147 റണ്‍സ് മാത്രമാണ് മല്‍സരത്തില്‍ ഇംഗ്ലണ്ട് നേടിയത്. അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ക്ക് സംഭവിച്ച നിരവധി പിഴവുകളാണ് കാര്യങ്ങള്‍ കൈവിട്ട പോകാന്‍ കാരണം.

മറുഭാഗത്ത്, സൂപ്പര്‍ 8ലെ പാകിസ്താനുമായുള്ള ആദ്യ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ന്യൂസിലന്‍ഡ് ഉള്ളത്. ഇന്നത്തെ മല്‍സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ സെമി സാധ്യതകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ടീമിന് കഴിയും.നായകന്‍ മിച്ചല്‍ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള സ്പിന്‍ ആക്രമണം കൊളംബോയിലെ സാഹചര്യങ്ങളില്‍ ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്. ടീമിലെ ബാറ്റര്‍മാരും മികച്ച ഫോമില്‍ ഉള്ളത് ന്യൂസിലന്‍ഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.




Tags: