ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു; ട്രിസ്റ്റന്‍ സ്റ്റബ്‌സിനും റയാന്‍ റിക്കിള്‍ടണും ഇടമില്ല
ജൊഹാനസ്ബര്‍ഗ്: വെടിക്കെട്ട് ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനേയും ഒഴിവാക്കി ട്വന്റി-20 ലോകകപ്പിനുളള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റബ്‌സിന് പകരം ജേസണ്‍ സ്മിത്തിനെ സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. എയ്ഡന്‍ മാര്‍ക്രമാണ് പതിനഞ്ചംഗ ടീമിന്റെ ക്യാപ്റ്റന്‍.
പരിക്കില്‍ നിന്ന് മുക്തനായ കാഗിസോ റബാഡ ടീമില്‍ തിരിച്ചെത്തി. ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യ തുടങ്ങിയവരും ടീമിലുണ്ട്. അതേസമയം ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച റീസ ഹെന്‍ഡ്രിക്കസ്, ഒട്ട്നീല്‍ ബാര്‍ട്മാന്‍, ലൂതോ സിംപാല എന്നിവരെയും ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, ക്വോന മഫാക്ക, ജേസണ്‍ സ്മിത്ത് എന്നിവര്‍ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. കഴിഞ്ഞ ടി 20 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ദക്ഷിണാഫ്രിക്ക രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീമിനോടാണ് അടിയറവ് പറഞ്ഞത്. ഇത്തവണ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ദക്ഷിണാഫ്രിക്ക. ഫെബ്രുവരി ഒമ്പതിന് കാനഡക്കെതിരെ ആണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മല്‍സരം.
ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ക്വേന മഫാക, ലുങ്കി എന്‍ഗിഡി, ജേസണ്‍ സ്മിത്ത്, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ക്യ.
