ഇന്ത്യന്‍ മണ്ണില്‍ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

Update: 2025-11-26 07:23 GMT

ഗുവാഹത്തി: 2000 ശേഷം ആദ്യമായി ഇന്ത്യയില്‍ പരമ്പര വിജയിച്ച് ദക്ഷിണാഫ്രിക്ക. 408 റണ്‍സിനായിരുന്നു ടീമിന്റെ ജയം. ഇതോടെ രണ്ടു ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. നേരത്തെ ന്യൂസിലന്‍ഡ് 36 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്‌സ് 140 റണ്‍സില്‍ അവസാനിച്ചു. അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നിന്നത്. 87 പന്തില്‍ 4 ബൗണ്ടറിയും 2 സിക്‌സും അടക്കം 54 റണ്‍സ് അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സൈമണ്‍ ഹാര്‍മര്‍ ആറും കേശവ് മഹാരാജ് രണ്ടും സെനുരന്‍ മുത്തുസാമി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.