ദക്ഷിണാഫ്രിക്ക തകര്‍ന്നു വീണു; ഇംഗ്ലണ്ടിന് വമ്പന്‍ റെക്കോര്‍ഡ് വിജയം

Update: 2025-09-13 10:53 GMT
മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ചരിത്രവിജയം. രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് 146 റണ്‍സിന് വമ്പന്‍ ജയമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന അസാധാരണ സ്‌കോര്‍ ഇംഗ്ലണ്ട് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 158 റണ്‍സിന് ഒതുങ്ങി. ഇംഗ്ലണ്ടിന് മുന്നേറ്റം സമ്മാനിച്ചത് ഫില്‍ സാള്‍ട്ടിന്റെ അതിശയകരമായ സെഞ്ചുറിയായിരുന്നു. 60 പന്തില്‍ 141 റണ്‍സ് എടുത്ത സാള്‍ട്ടിന്റെ ഇന്നിങ്സില്‍ 15 ബൗണ്ടറികളും 8 സിക്സറുകളും ഉണ്ടായിരുന്നു. ഒരു ഇംഗ്ലണ്ട് താരത്തിന്റെ അതിവേഗ സെഞ്ചുറി റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 30 പന്തില്‍ 83 റണ്‍സ് നേടി. ജേക്കബ് ബെത്തല്‍ (26), ഹാരി ബ്രൂക്ക് (41) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക് സംഭാവന നല്‍കി.

304 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചുലച്ചു. ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. 146 റണ്‍സ് ജയത്തോടെ നിരവധി റെക്കോഡുകള്‍ ഇംഗ്ലണ്ട് സ്വന്തമാക്കി.

ടി20യില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. റണ്‍സ് അടിസ്ഥാനമാക്കിയുള്ള ടി20 മത്സരങ്ങളിലെ മൂന്നാമത്തെ വലിയ വിജയം. 304 എന്നത് ടി20 ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലും. 344 റണ്‍സ് നേടിയ സിംബാബ്വേയാണ് ഒന്നാമത്. എന്നാല്‍ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഇതുവരെ നേടപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്റേതാണ്. ഇന്ത്യയുടെ 297 റണ്‍സിന്റെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. മത്സരത്തില്‍ 12.1 ഓവറില്‍ ഇംഗ്ലണ്ട് 200 റണ്‍സ് കടന്നുവെന്ന റെക്കോഡും ചരിത്രത്തില്‍ ഇടം നേടി.

Tags: