മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരേ സൗരവ് ഗാംഗുലി രംഗത്ത്
കൊല്‍ക്കത്ത: പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഷമിയെ പുറത്തു നിര്‍ത്താനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്നും രഞ്ജിയില്‍ ദീര്‍ഘ സ്‌പെല്ലുകള്‍ എറിഞ്ഞും വിക്കറ്റുകള്‍ എറിഞ്ഞിട്ടും ഷമി കായികക്ഷമതയും ഫോമും തെളിയിച്ചതാണെന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പറഞ്ഞു.
ഷമി അസാമാന്യ ബൗളറാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ രണ്ടോ മൂന്നോ രഞ്ജി മത്സരങ്ങളില്‍ ബംഗാളിനെ സ്വന്തം നിലക്ക് ജയിപ്പിക്കാന്‍ ഷമിക്കായി.സെലക്ടര്‍മാര്‍ ഇത് കാണുന്നുണ്ടാവുമെന്ന് ഉറപ്പാണ്. ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാവുമെന്നും കരുതുന്നു. പക്ഷെ അക്കാര്യം എനിക്കുറപ്പില്ല, പക്ഷെ ഫോമും ഫിറ്റ്‌നെസും നോക്കിയാല്‍ ഷമിയെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തുനിര്‍ത്താനുള്ള കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല. കാരണം, അവന്‍ അത്രമാത്രം പ്രതിഭാധനനാണ്-ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ഷമിക്ക് ഫിറ്റ്‌നെസില്ലെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ബംഗാളിനായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഷമി ആദ്യ രണ്ട് മത്സരങ്ങളില്‍ 15 വിക്കറ്റെടുക്കകയും ദീര്‍ഘ സ്‌പെല്ലുകളെറിഞ്ഞ് ഫിറ്റ്‌നെസ് തെളിയിക്കുകയും ചെയ്തു. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്റെ പേരില്‍ സെലക്ടര്‍മാര്‍ക്കെതിരെ ഷമി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
തനിക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളില്ലെന്നും തന്റെ കായികക്ഷമതയെക്കുറിച്ച് സെലക്ടര്‍മാരാരും അന്വേഷിച്ചിട്ടില്ലെന്നും അങ്ങോട്ട് വിളിച്ച് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷമി പറഞ്ഞിരുന്നു. അഗാര്‍ക്കര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും താന്‍ ഫിറ്റാണോ എന്ന് ഈ മത്സരം കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം ബോധ്യമായല്ലോയെന്നും ഷമി ജാര്‍ഖണ്ഡിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു. ബംഗാളിനായി ആദ്യ മൂന്ന് രഞ്ജി മത്സരങ്ങളിലും കളിച്ച ഷമി നാലാം മത്സരത്തില്‍ വിശ്രമമെടുത്തിരുന്നു.

