ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യം സംശയത്തില്‍

Update: 2025-11-18 08:16 GMT

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ചൊവ്വാഴ്ച ഇന്ത്യന്‍ ടീം നെറ്റ്സില്‍ പരിശീലനം നടത്തിയപ്പോള്‍ ഗില്‍ കൂടെയില്ലായിരുന്നു. ഇതോടെ 22-ാം തീയതി ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലായി.

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഇതോടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ഇതോടെ ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ടീമിനെ നയിച്ചത്.

ഗില്‍ രണ്ടാം ടെസ്റ്റിനായി ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ രണ്ടാം ടെസ്റ്റില്‍ പന്താകും ടീമിനെ നയിക്കുക. കൊല്‍ക്കത്ത ടെസ്റ്റ് തോറ്റ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കണമെങ്കില്‍ അടുത്ത ടെസ്റ്റ് ജയിച്ചേ പറ്റൂ.



Tags: