ടി10 ലീഗ് രണ്ടാം സീസണില്‍ ശുഐബ് മാലിക് കളിക്കില്ല; തീരുമാനം ഇതാണ്

Update: 2018-11-14 12:11 GMT

ന്യൂഡല്‍ഹി: പ്രിയ പത്‌നി സാനിയയ്ക്കും കുഞ്ഞ് ഇഷ്ഹാന്‍ മിര്‍സ മാലിക്കിനുമൊപ്പം ഇപ്പോള്‍ താന്‍ വേണമെന്നതിനാല്‍ ഇത്തവണത്തെ ടി10 ലീഗിന്റെ രണ്ടാം സീസണ്‍ വേണ്ടെന്നുവയ്ക്കുകയാണെന്ന് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്.

സാനിയയ്ക്കും ശുഐബ് മാലിക്കിനും ഒക്ടോബര്‍ 29നാണ് ആണ്‍കുഞ്ഞ് പിറന്നത്. ട്വിറ്ററിലൂടെയാണ് ഈ സന്തോഷവിവരം താരങ്ങള്‍ ലോകത്തോട് പങ്കുവച്ചത്. ട്വിറ്ററില്‍ വികാരഭരിതമായ കുറിപ്പെഴുതിയാണ് ശുഐബ് ഈ വിവരം അറിയിച്ചത്. രണ്ടാമത് സീസണില്‍ പഞ്ചാബ് ലെജന്‍ഡ്‌സിനുവേണ്ടിയായിരുന്നു ശുഐബ് കളിക്കേണ്ടിയിരുന്നത്.

'ഇത്തവണത്തെ ടി10 ലീഗില്‍ പഞ്ചാബ് ലെജന്‍ഡ്‌സിനൊപ്പം ഞാനുണ്ടാവില്ല. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനാണിത്. മറ്റെന്തിനെക്കാളും എന്റെ ഭാര്യയും മകനുമാണ് എനിക്ക് വേണ്ടത്. നിങ്ങള്‍ എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു- ഇതായിരുന്നു മാലികിന്റെ ട്വീറ്റ്.

യുഎഇയിലാണ് ടി10 ലീഗിന്റെ രണ്ടാം സീസണ്‍ നടക്കുക. നവംബര്‍ 21ന് തുടങ്ങുന്ന സീസണ്‍ ഡിസംബര്‍ രണ്ടിനാണ് അവസാനിക്കുക. 8 ടീമുകളാണ് മത്സരത്തിനുളളത്. കഴിഞ്ഞ വര്‍ഷം ആറു ടീമുകളാണ് ഉണ്ടായിരുന്നത്.

പാക് ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് ഷുഹയ്ബ് മാലിക്. അടുത്തിടെ നടന്ന ന്യൂസിലന്‍ഡിനെതിരെയുളള 20 ട്വന്റി മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ മാലിക് ഉണ്ടാവില്ല. നവംബര്‍ 16ന് അബൂദബിയിലാണ് പാകിസ്താന്‍-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് മത്സരം.




Tags:    

Similar News