ഷാക്കിബുല്‍ ഹസന് റെക്കോഡ്

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ളതും ഷാക്കിബിന്റെ പേരിലാണ്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി 606 റണ്‍സാണ് ഷാക്കിബ് അടിച്ചുകൂട്ടിയത്.

Update: 2019-07-05 18:53 GMT

ലണ്ടന്‍: ഒരു ലോകകപ്പില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസനെ തേടി ഇന്നെത്തിയത്. പാകിസ്താനെതിരായ മല്‍സരത്തില്‍ 64 റണ്‍സ് നേടിയതോടെയാണ് ഷാക്കിബ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹനായത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ളതും ഷാക്കിബിന്റെ പേരിലാണ്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നായി 606 റണ്‍സാണ് ഷാക്കിബ് അടിച്ചുകൂട്ടിയത്. 86.57 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. തൊട്ടുപിന്നില്‍ 544 റണ്‍സുമായി ഇന്ത്യയുടെ രോഹിത്ത് ശര്‍മ്മയുണ്ട്. ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഷാക്കിബ്. സച്ചിന്‍ ടെണ്ടുല്‍ക്കറും ആസ്‌ട്രേലിയയുടെ മാത്യൂ ഹെയ്ഡനും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ദ്ധസെഞ്ചുറിയുമാണ് ഷാക്കിബിന്റെ പേരിലുള്ളത്.

അതിനിടെ ഒരു ലോകകപ്പില്‍ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ബാബര്‍ അസം സ്വന്തമാക്കി. ബംഗ്ലാദേശിനെതിരേ 96 റണ്‍സ് നേടിയതോടെയാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ബാബര്‍ ഈ ലോകകപ്പില്‍ 474 റണ്‍സാണ് നേടിയത്. 1992ല്‍ ലോകകപ്പ് നേടിയ പാക് ടീമിലെ അംഗമായ ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് (437) ബാബര്‍ പഴങ്കഥയാക്കിയത്.

കഴിഞ്ഞ ദിവസം വെസ്റ്റ്ഇന്‍ഡീസിനെതിരായ മല്‍സരത്തില്‍ അഫ്ഗാന്‍ താരം ഇക്രം അലി ഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 27 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും തകര്‍ത്തിരുന്നു. ഒരു 18കാരന്റെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗതാ സ്‌കോറാണ് ഇക്രം കഴിഞ്ഞ ദിവസം നേടിയത്. 18 വയസ്സുള്ള സച്ചിന് അന്ന് നേടിയത് 84 റണ്‍സായിരുന്നു. ഇക്രം അലി 86 റണ്‍സ് നേടിയതോടെയാണ് സച്ചിന്റെ റെക്കോഡ് പഴങ്കഥയായത്.

Tags:    

Similar News