ഷഹീന്‍ ഷാ അഫ്രീഡി പാക് ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ; മുഹമ്മദ് റിസ്വാന്‍ പുറത്ത്, പുറത്താക്കിയത് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്നെന്ന്

Update: 2025-10-21 06:28 GMT

കറാച്ചി: പാക് ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പുറത്താക്കിയത് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപിച്ചതിനും പാക് ടീമില്‍ മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനെയും തുടര്‍ന്നെന്ന് റിപോര്‍ട്ട്. വൈറ്റ് ബോള്‍ കോച്ച് മൈക്ക് ഹെസ്സണ്‍ ആണ് റിസ്വാനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതെന്ന് മുന്‍ താരം റഷീദ് ലത്തീഫ് അറിയിച്ചു.

റിസ്വാനെ പുറത്താക്കിയതിന് പിന്നില്‍ മൈക്ക് ഹെസ്സണാണെന്നും ഫലസ്തീന്‍ പതാക വീശിയതിന്റെ പേരിലും മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലുമാണ് റിസ്വാനെതിരെ നടപടിയെടുത്തതെന്നും ലത്തീഫ് ആരോപിച്ചു.ഡ്രസ്സിംഗ് റൂമില്‍ മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന റിസ്വാന്റെ രീതി ഹെസ്സണ് ഇഷ്ടമല്ലെന്നും മുന്‍ ക്യാപ്റ്റന്‍മാരായ ഇന്‍സമാം ഉള്‍ ഹഖോ, സയ്യിദ് അന്‍വറോ സഖ്ലിയന്‍ മുഷ്താഖോ ഒന്നും എതിര്‍ക്കാത്ത കാര്യമാണ് ഹെസ്സണ്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ലത്തീഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്തായതോടെയാണ് മുഹമ്മദ് റിസ്വാന്‍ പാക് ഏകദിന ടീമിന്റെ ക്യാപ്റ്റനായത്. ക്യാപ്റ്റന്‍ സ്ഥാനത്ത് 20 മല്‍സരങ്ങളില്‍ മാത്രമാണ് റിസ്വാന്‍ ടീമിനെ നയിച്ചത്. ഇതില്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ഏകദിന പരമ്പരകള്‍ നേടിയ റിസ്വാന്‍ 20 മല്‍സരങ്ങളില്‍ ഒമ്പത് ജയം നേടിയപ്പോള്‍ 11 മല്‍സരങ്ങളില്‍ തോല്‍വിയും നേരിട്ടു. ഈ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ റൗണ്ട് പുറത്താകലും ഇതിലുള്‍പ്പെടുന്നു.

റിസ്വാന് പകരം പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെയാണ് പാക് ഏകദിന ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ക്യാപ്റ്റന്‍മാരുള്ള പാക് ടീമില്‍ ട്വന്റി-20 ടീമിനെ സല്‍മാന്‍ അലി ആഗയും ടെസ്റ്റ് ടീമിനെ ഷാന്‍ മസൂദുമാണ് നയിക്കുന്നത്.





Tags: