ട്വന്റി-20 വേള്‍ഡ് കപ്പ് പ്രൊമോയില്‍ സഞ്ജുവിന്റെ ജേഴ്സി ധരിച്ച് ഷെഫാലി വര്‍മ; താരമായി സഞ്ജു
മുംബൈ: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഐ സി സി പുറത്തിറക്കിയ പ്രോമോ വീഡിയോയിലും താരമായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ വനിതാ ടീമിലെ സ്റ്റാര്‍ താരങ്ങളായ ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ , ദീപ്തി ശര്‍മ എന്നിവര്‍ അണിനിരക്കുന്ന പ്രോമോ വീഡിയോയില്‍ ഷെഫാലി ധരിച്ചിരിക്കുന്നത് സഞ്ജുവിന്റെ ജേഴ്സിയാണ്. ദീപ്തി ഹാര്‍ദിക് പാണ്ഡ്യയുടെയും ജെമീമ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും പേരുള്ള ജേഴ്സിയാണ് ധരിച്ചിരിക്കുന്നത്.
ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് നടക്കുക. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ചാംപ്യന്മാരായ ഇന്ത്യ, ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ചരിത്രം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു സാംസണ്‍ ടീമിലുള്ളത് മലയാളികള്‍ക്ക് ഇരട്ടി ആവേശമാകും.