ദക്ഷിണാഫ്രിക്കയോട് പരമ്പര നഷ്ടം; ഗൗതം ഗംഭീറിനെ പുറത്താക്കില്ലെന്ന് ബിസിസിഐ
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐ ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് തുടരുകയാണെന്നും ടീമിനെ പുനര്‍നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ഗംഭീറിന് പകരം വിവിഎസ് ലക്ഷമണനെ നിയോഗിച്ചേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ വൃത്തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങള്‍ ഇപ്പോള്‍ ഗൗതം ഗംഭീറിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു ടീമിനെ പുനര്‍നിര്‍മ്മിക്കുകയാണ്. അദ്ദേഹത്തിന്റെ കരാര്‍ 2027 ലോകകപ്പ് വരെയാണ്' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന-ട്വന്റി പരമ്പരകള്‍ക്ക് ശേഷം ടീം മാനേജ്മെന്റും സെലക്ടര്‍മാരും ഉള്‍പ്പെടുന്ന യോഗം ചേരുമെന്നും അധികൃതര്‍ വ്യക്താക്കി. ടെസ്റ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഗംഭീറുമായി അഭിപ്രായങ്ങള്‍ തേടുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.അതേസമയം താന്‍ പരിശീലകനായി തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണെന്ന് കഴിഞ്ഞ ദിവസം ഗംഭീര്‍ പ്രതികരിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വിയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം വഴങ്ങിയത്. 25 വര്‍ഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ പരമ്പരനേടുന്നത്. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഇന്ത്യ വഴങ്ങുന്നത്. 2024-ല്‍ ന്യൂസീലന്‍ഡിനെതിരേയും ഇന്ത്യ തോറ്റു (30). അന്നത് 12 വര്‍ഷത്തിനുശേഷം നാട്ടിലെ ആദ്യപരമ്പര നഷ്ടമായിരുന്നു.
